എട്ട് പ്രതികളും ബി ജെ പി അനുഭാവികൾ;ഷാജഹാൻ വധം രാഷ്ട്രീയ പ്രേരിതമെന്ന് പോലീസ്.

പാലക്കാട്: സി.പി.എം മരുതറോഡ് ലോക്കല്‍ കമ്മിറ്റിഅംഗം ഷാജഹാന്റെ കൊലപാതകത്തില്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ ബി.ജെ.പി അനുഭാവികളെന്ന് പൊലീസ്.വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് രാഷ്ട്രീയ വിരോധം മൂലമാണ് പ്രതികള്‍ ഷാജഹാനെ വെട്ടിക്കൊന്നതെന്ന് വ്യക്തമാക്കിയത്.കേസില്‍ ആദ്യം അറസ്റ്റിലായ നവീന്‍,സുജീഷ്,അനീഷ്,ശബരീഷ് എന്നിവരെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.ഒന്നു മുതല്‍ നാല് വരെയുള്ള പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്നതിന് നിര്‍ണായക തെളിവായ പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍,ആയുധങ്ങള്‍ എന്നിവ കണ്ടെത്തി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം.ആയുധം എത്തിച്ച മാര്‍ഗവും ബാഹ്യ സഹായവും ഗൂഢാലോചനയും കണ്ടെത്താന്‍ മുഖ്യ പ്രതികളെ ഒന്നിച്ചും ഒറ്റയ്ക്കും ചോദ്യം ചെയ്യ്ത് ഉപയോഗിച്ച ആയുധങ്ങളുടെ ഉറവിടവും കണ്ടത്തേണ്ടതുണ്ട്.അതിനാല്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്.പൊലീസിന്റെ അപേക്ഷ പരിഗണിച്ച്‌ ആറു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം,ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ ശിവരാജന്‍,​അനീഷ്,​നവീന്‍ എന്നിവര്‍ തങ്ങള്‍ സി.പി.എമ്മുകാരാണെന്ന് വീണ്ടും ആവര്‍ത്തിച്ചു.മുഖ്യപ്രതി നവീന്‍ കൈയ്യില്‍ ചെ ഗുവാരയുടെ പച്ചക്കുത്തിയതും കാണിച്ചു.ഇത് ഉയര്‍ത്തി കാണിച്ചാണ് ഞങ്ങള്‍ കമ്മ്യൂണിസ്റ്റാണെന്ന് ആവര്‍ത്തിച്ചത്.ഇന്നലെ അറസ്റ്റിലായ ശിവരാജന്‍ തന്നെ പൊലീസ് മര്‍ദ്ദിച്ചതായി കോടതിയില്‍ പരാതിപ്പെട്ടു.സഹോദരനെതിരെ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിച്ചുവെന്നാണ് ശിവരാജന്‍ ആരോപിച്ചത്.
കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെടാന്‍ കാരണം പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പ്രതികള്‍ക്കുണ്ടായ വിരോധമാണെന്നായിരുന്നു ആദ്യഘട്ടത്തില്‍ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നത്.പ്രാദേശികമായി ഉണ്ടായ ചില തര്‍ക്കങ്ങളും പ്രകേപനങ്ങളുമാണ് കൊലയില്‍ കലാശിച്ചത്. കൊലപാതകം നടന്ന ദിവസം പ്രതി നവീനുമായി രാഖി കെട്ടിയതുമായുള്ള തര്‍ക്കവും ഗണേഷോത്സവത്തില്‍ പ്രതികള്‍ ഫ്ലക്സ് വയ്ക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും പ്രകോപനമായി.കൂടാതെ ഓരോ പ്രതികള്‍ക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്ന് വിശദീകരിച്ചിരുന്നെങ്കിലും കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പൊലീസ് മലക്കം മറിയുകയായിരുന്നു.അതേസമയം കേസില്‍ അറസ്റ്റിലായ മറ്റ് നാലുപ്രതികളായ വിഷ്ണു,സുനീഷ്,ശിവരാജന്‍,സതീഷ് എന്നിവരെ പാലക്കാട്‌ കോടതിയില്‍ ഹാജരാക്കി.14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.