പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബർ രണ്ടിനു പിരിയും.
2022-23 വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂൺ 27 മുതൽ ചേർന്ന അഞ്ചാം സമ്മേളനം 15 ദിവസം സമ്മേളിച്ചു നടപടികൾ പൂർത്തിയാക്കി ജൂലൈ 21നാണു പിരിഞ്ഞത്. അഞ്ചാം സമ്മേളനകാലയളവിൽ നിലവിലുണ്ടായിരുന്ന ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിനായി ഒക്ടോബർ – നവംബർ മാസങ്ങളിൽ പ്രത്യേക സമ്മേളനം ചേരുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിച്ചത്. എന്നാൽ, അഞ്ചാം സമ്മേളനം ആരംഭിച്ച തീയതി മുതൽ 42 ദിവസ കാലയളവിനുള്ളിൽ അന്നു നിലവിലുണ്ടായിരുന്ന 11 ഓർഡിനൻസുകൾ വീണ്ടും പ്രഖ്യാപിക്കാൻ കഴിയാതെവരികയും അവ റദ്ദാകുകയും ചെയ്തതുമൂലമുണ്ടായ അസാധാരണ സ്ഥിതിവിശേഷം മറികടക്കുന്നതിനായി, റദ്ദായിപ്പോയ ഓർഡിനൻസുകളുടെ സ്ഥാനത്തു പുതിയ നിയമ നിർമാണം നടത്തുന്നതിനുവേണ്ടിയാണ് അടിയന്തരമായി ഇപ്പോൾ സമ്മേളനം ചേരുന്നതെന്നു സ്പീക്കർ പറഞ്ഞു.

2022 ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി ഓർഡിനൻസ്), 2022ലെ കേരള തദ്ദേശ സ്വയംഭരണ പൊതുസർവീസ് ഓർഡിനൻസ്, 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ഓർഡിനൻസ്, ദി കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് അസൈൻമെന്റ്) അമെന്റ്മെന്റ് ഓർഡിനൻസ്, ദി കേരള ലോക് ആയുക്ത(അമെന്റ്മെന്റ്) ഓർഡിനൻസ് 2022, 2022ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ഓർഡിനൻസ്, 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉത്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ) ഓർഡിനൻസ്, 2022ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ഓർഡിനൻ്സ, ദി കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് 2022, ദി കേരള പബ്ലിക് സർവീസ് കമ്മിഷൻ (അഡിഷണൽ ഫങ്ഷൻസ് ആസ് റെസ്പെക്റ്റ്സ് സെർട്ടൻ കോർപ്പറേഷൻസ് ആൻഡ് കമ്പനീസ്) അമെന്റ്മെന്റ് ഓർഡിനൻസ് 2022, ദി കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ഓർഡിനൻസ് 2022 എന്നിവയാണു പുനഃപ്രഖ്യാപനം നടത്താൻ കഴിയാത്തതുമൂലം റദ്ദായിപ്പോയത്.
ആറാം സമ്മേളനത്തിന്റെ ആദ്യ ദിനമായ ഓഗസ്റ്റ് 22ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ അനുസ്മരിച്ചുള്ള പ്രത്യേക യോഗം ചേരും. അന്നു മറ്റു നടപടികൾ ഉണ്ടാകില്ല. ഓഗസ്റ്റ് 23ന് 2022ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ബിൽ, 2022ലെ കേരള മാരിടൈം ബോർഡ്(ഭേദഗതി) ബിൽ, 2021ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ എന്നിവയുടേയും 24ന് ദി കേരള ലോക് ആയുക്ത(അമെന്റ്മെന്റ്) ബിൽ 2022, ദി കേരള പബ്ലിക് സർവീസ് കമ്മിഷൻ (അഡിഷണൽ ഫങ്ഷൻസ് അസ്‌റെസ്പെറ്റ്സ് സെർട്ടൻ കോർപ്പറേഷൻസ് ആൻഡ് കമ്പനീസ് അമെന്റ്മെന്റ് ബിൽ, 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയുടേയും അവതരണത്തിനും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണമെന്ന പ്രമേയത്തിന്റെ പരിഗണനയ്ക്കും വിനിയോഗിക്കും.
ആദ്യ ദിനമായ ഓഗസ്റ്റ് 22നു സഭ പിരിഞ്ഞതിനു ശേഷം യോഗം ചേരുന്ന കാര്യോപദേശക സമിതി തുടർന്നുള്ള ദിനങ്ങളിലെ നിയമനിർമാണത്തിനായുള്ള സമയക്രമം സംബന്ധിച്ചു ചർച്ചചെയ്തു യുക്തമായ തീരുമാനമെടുക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓഡിയോ – വിഡിയോ പ്രദർശനം ഓഗസ്റ്റ് 24 വരെ നീട്ടിയിട്ടുണ്ടെന്ന് സ്പീക്കർ അറിയിച്ചു. നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷ പരിപാടികളുടേയും പ്രദർശനത്തിന്റെയും അടുത്ത ഘട്ടം സെപ്റ്റംബർ 17, 18 തീയതികളിൽ കോഴിക്കോട് സംഘടിപ്പിക്കും.