സ്വാതന്ത്ര്യം ഉത്തരവാദിത്വമാണെന്നും അത് ഉൾക്കൊണ്ട് ഓരോരുത്തരും ഏറ്റെടുക്കണമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മുട്ടികുളങ്ങര ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ.
ഇന്ത്യയ്ക്ക് ഒപ്പം സ്വാതന്ത്ര്യം നേടിയ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പുരോഗതിയിൽ ഇന്ത്യ ഏറെ മുന്നിലാണ്. ഇത് തുടരാൻ നമുക്ക് കഴിയണം. സ്വാതന്ത്ര്യസമര സേനാനികൾ ഉൾക്കൊണ്ട ത്യാഗവും സന്നദ്ധതയും അടുത്ത തലമുറയിലേക്ക് കൈമാറാൻ കഴിയണം. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ക്യാപ്റ്റൻ ലക്ഷ്മിയും ചേറ്റൂർ ശങ്കരൻ നായരും ഉൾപ്പെടെ പാലക്കാടിന് ശ്രദ്ധേയമായ ഇടമുണ്ട്. അതെല്ലാം ഉൾക്കൊണ്ട് നല്ല പൗരൻ ആവാൻ നമുക്ക് കഴിയണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ചിൽഡ്രൻസ് ഹോമിലേക്ക് ത്രിവർണ പതാക കൈമാറിയാണ് ജില്ലാ കലക്ടർ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം, മധുര പലഹാര വിതരണം എന്നിവയും ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ കലാപരിപാടികളും നടന്നു. വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ്. ശുഭ ,സി.ഡബ്ല്യു.സി. ചെയർമാൻ എം.വി. മോഹനൻ, അംഗങ്ങളായ സി. സുന്ദരി, എം. സേതുമാധവൻ, സൗമ്യ എലിസബത്ത് സെബാസ്റ്റ്യൻ, എൻ.എൻ. പ്രഭ, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ടിൻസി എന്നിവർ പങ്കെടുത്തു.