ആലപ്പുഴ: ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള റോഡ് നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച സൈനികന്‍ ബി. ബിജുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴയിലെ വസതിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
വിമാനമാര്‍ഗം എത്തിച്ച മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ 9.15ന് ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ അതത് മേഖലകളിലെ തഹസില്‍ദാര്‍മാര്‍ മൃതദേഹം വഹിച്ച വാഹനത്തെ അനുഗമിച്ചു. ബിജു പഠിച്ച ചെട്ടികുളങ്ങര ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ അന്തിമോപചാരമര്‍പ്പിച്ചു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം. ആരിഫ്, എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ, എ.ഡി.എം എസ്. സന്തോഷ്‌കുമാര്‍, മാവിലേക്കര തഹസില്‍ദാര്‍ ഡി.സി. ദിലീപ് തുടങ്ങിവര്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു.