ഒട്ടൻഛത്രം പദ്ധതി ; കോൺഗ്രസിന്റെ ഹർത്താൽ ഇന്ന് 

ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോൺഗ്രസിന്റെ ഹർത്താൽ  . രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.  ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ  നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലുമാണ് ഹർത്താൽ. കേന്ദ്ര സർക്കാരിന്റെ അമൃത്, ജലജീവൻ മിഷൻ പദ്ധതികളിൽ നിന്നു 930  കോടി രൂപയ്ക്കാണ് ഒട്ടൻഛത്രം കുടിവെള്ള  പദ്ധതിക്ക് തമിഴ്നാട് സർക്കാർ  ഭരണാനുമതി നൽകിയിരിക്കുന്നത്.  ഒട്ടൻഛത്രം പദ്ധതിയുടെ ടെണ്ടർ തുറക്കുന്ന  ദിവസമായതിനാലാണ്  ഓഗസ്റ്റ് നാലിന് ഹർത്താൽ നടത്തുന്നത്. പി. എ.പി.കരാറിൽ നിന്നു കേരളത്തിന് ലഭിക്കേണ്ട 7.25 ടി.എം.എസി.വെള്ളം  2018 – ലെ പ്രളയത്തിനു മുമ്പുള്ള രണ്ട് ജലവർഷങ്ങളിൽ നമുക്ക് ലഭിച്ചിരുന്നില്ല. 2016-17 ജലവർഷത്തിൽ 4.37 ടി.എം.സിയും 2017 – 18 ജലവർഷത്തിൽ 6.24 ടി.എം.സി.യുമാണ് ലഭിച്ചത്.

ഇപ്പോൾ ലഭിക്കുന്ന അതിവർഷം നിന്നാൽ  അവകാശപ്പെട്ട വെള്ളം ഒരിക്കലും  ലഭിക്കാത്ത തരത്തിൽ നമ്മൾ ബുദ്ധിമുട്ടും.കൃഷിയ്ക്കും കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെടുകയും ഭാരതപ്പുഴയുടെ തീരം മരുഭൂമിയാകുകയും ചെയ്യാതിരിക്കാൻ ഒട്ടൻ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാണ് ആവശ്യം. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്നൊഴിവാക്കിയതായി സമരസമിതി ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ അറിയിച്ചു.