മൂവാറ്റുപുഴ > മൂവാറ്റുപുഴ നഗരസഭയിൽ ബിജെപിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയ കോൺഗ്രസ് കൗൺസിലറെ മറ്റ് കോൺഗ്രസ് കൗൺസിലർമാർ ചേർന്ന് മർദിച്ചു. മുഖത്ത് പരിക്കേറ്റ കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിൽ വ്യാഴം പകൽ ഒന്നോടെയാണ് സംഭവം.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ യുഡിഎഫ് പിന്തുണയോടെ ബിജെപിക്കാരിയായ ക്ഷേമകാര്യ സമിതി അധ്യക്ഷയ്‌ക്കെതിരെ പ്രമീള നൽകിയ അവിശ്വാസം കഴിഞ്ഞ ഒന്നിന് പാസായിരുന്നു. ഇതിൽ പ്രകോപിതരായ മറ്റ് കോൺഗ്രസ് അംഗങ്ങളാണ് അക്രമം നടത്തിയത്. വൈസ് ചെയർപേഴ്‌സൺ സിനി ബിജു, കൗൺസിലർമാരായ ജോയ്‌സ് മേരി, അജി അബ്‌ദുൾ ഖാദർ മുണ്ടാട്ട് എന്നിവരാണ് മർദിച്ചത്.
നഗരസഭ തൊഴിലുറപ്പ് ഓഫീസിന് സമീപത്ത് വച്ചാണ് മർദ്ദനം. കരച്ചിൽ കേട്ട് നഗരസഭാ കൗൺസിലർമാരും ജീവനക്കാരും എത്തിയപ്പോൾ പ്രമീളയുടെ മുഖത്ത് മർദ്ദനമേറ്റ് മുറിഞ്ഞ് രക്തം വാർന്ന നിലയിലായിരുന്നു. തലമുടിവലിച്ച് പറിച്ച നിലയിൽ തറയിൽ കണ്ടു. ആളുകൾ കൂടിയപ്പോൾ മൂന്ന് കൗൺസിലർമാരും കാറിൽ കയറി പോയി. മറ്റ് കൗൺസിലർമാരാണ് പ്രമീളയെ ആശുപത്രിയിലാക്കിയത്