സുദേവൻ നെന്മാറ
നെന്മാറ – തിങ്കളാഴ്ചരാത്രി ആരംഭിച്ച ശക്തമായമഴയിൽ നെല്ലിയാമ്പതി മേഖലയിൽ നാലിടത്ത് ഉരുൾപൊട്ടി. നെല്ലിയാമ്പതി ചുരംപാതയിൽ ചെറുനെല്ലിക്കുസമീപത്തായി രണ്ടിടത്തും പോബ്‌സൺ എസ്‌റ്റേറ്റിലും ലില്ലി എസ്റ്റേറ്റിലുമായി രണ്ടിടത്താണ് ഉരുൾപൊട്ടിയത്. ചുരം പോത്തുണ്ടി-കൈകാട്ടി ചുരം പാതയിലെ സംരക്ഷണഭിത്തി അപകട ഭീഷണിയിലായി. നെല്ലിയാമ്പതിയിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസ് താത്‌കാലികമായി നിർത്തി.
പോബ്‌സൺ എസ്‌റ്റേറ്റിലും ലില്ലി എസ്‌റ്റേറ്റിലുമുണ്ടായ ഉരുൾപൊട്ടലിൽ ഏക്കറോളം സ്ഥലത്തെ തേയിലച്ചെടികൾ ഒലിച്ചുപോയി. സീതാർകുണ്ഡ് ഭാഗത്തേക്കുള്ള പാതയുടെ വശം തകർന്നു. നെല്ലിയാമ്പതി ചുരംപാതയിൽ 11 ഇടത്ത് മണ്ണിടിഞ്ഞും മരംവീണും ചൊവ്വാഴ്ച രാവിലെ ഗതാഗതം തടസ്സപ്പെട്ടു.
കൊല്ലങ്കോട്ടുനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് തടസ്സം നീക്കിയത്. ചുരംപാതയിൽ വീണ മണ്ണും കല്ലും റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് പൂർണമായും നീക്കി. ചൊവ്വാഴ്ച ഉച്ചയോടെ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. ഇതോടെ, നെല്ലിയാമ്പതിയിൽ കുടുങ്ങിയ നൂറിലധികം സഞ്ചാരികളെ കടത്തിവിട്ടു