നെന്മാറ: നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി റേഞ്ചിലെ തിരുവഴിയാടുള്ള പഴയ സെക്ഷൻ ഓഫീസും ക്വാർട്ടേഴ്‌സുകളുമാണ് പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. ജനവാസ മേഖലയിൽ പൊതുമരാമത്ത് റോഡിനോട് ചേർന്ന് പ്രദേശവാസികൾക്ക് ഭീഷണിയായി പാമ്പുകളുടെയും മറ്റു ക്ഷുദ്രജീവികളുടെയും താവളമായി മാറിയിരിക്കുകയാണ് വനംവകുപ്പിന്റെ ഈ കെട്ടിടങ്ങൾ. 1970 കളിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് ആയും പിന്നീട് കോട്ടേർസുകളായും പ്രവർത്തിച്ചതാണ് ഈ കെട്ടിട്ടം. ജീവനക്കാർക്ക് താമസിക്കാൻ പിന്നീട് ഇതിനോട് ചേർന്ന് ക്വാർട്ടേഴ്‌സും നിർമ്മിക്കുകയായിരുന്നു. നെന്മാറ വനം ഡിവിഷനിൽ നിരവധി ജീവനക്കാർ താമസിക്കാൻ ക്വാർട്ടേഴ്‌സും വീടും വാടാകയ്ക്ക് കിട്ടാതെ ബുദ്ധി മുട്ടുമ്പോഴാണ് നിലവിലുള്ളത് കാട് കയറി നശിക്കുന്നത്. കരിങ്കുളത്തു പുതിയ ക്വാർട്ടേഴ്‌സുകൾ പണിതപ്പോൾ അതിലേക്ക് സെക്ഷൻ ഓഫീസ് മാറ്റുകയും പഴയ കെട്ടിടം അടച്ചിടുകയും താമസത്തിനായി വീണ്ടും പുതിയ കെട്ടിട്ടം പണിതെങ്കിലും പഴയത് ജീവനക്കാർക്ക് അനുവദിച്ചു കൊടുക്കുകയോ തുടർ പരിപാലനം നടത്തുകയോ ചെയ്യാതെ വർഷങ്ങൾ കിടന്നതിനാലാണ് കാട് കയറിയും മര കൊമ്പുകൾ വീണും നാശത്തിന്റെ വക്കിലെത്തിയത്. ഈ കെട്ടിടങ്ങൾ പരിപാലനം നടത്തി ജീവനക്കാർക്ക് താമസ യോഗ്യമാക്കണമെന്ന് വനം ജീവനക്കാർ ആവശ്യപ്പെടുന്നു.