ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ഇടയ്‌ക്കിടെ എക്സ്റേ യൂണിറ്റ് തകരാറിലാകുന്നു

ഒറ്റപ്പാലം : താലൂക്കാശുപത്രിയിൽ എക്സ്റേ യൂണിറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു. എക്സ്റേ എടുക്കേണ്ട ആവശ്യത്തിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് രോഗികൾ. ഇക്കഴിഞ്ഞ 12 മുതലാണ് യൂണിറ്റ് ഇടയ്ക്കിടെ തകരാറിലായി തുടങ്ങിയത്. തിങ്കളാഴ്ച കോതകുറിശ്ശി സ്വദേശിയുടെ മകന് കാലിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എക്സ്റേ എടുക്കാൻ ഒരുങ്ങുകയും യൂണിറ്റ് പ്രവർത്തിക്കാത്തതിനെച്ചൊല്ലി ബഹളമുണ്ടാവുകയും ചെയ്തിരുന്നു.

ദിനംപ്രതി അഞ്ഞൂറിലേറെ രോഗികൾ ആശ്രയിക്കുന്നതാണ് ഒറ്റപ്പാലം താലൂക്കാശുപത്രി. എന്നാൽ, ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് സാധാരണക്കാരായ രോഗികളെ സാമ്പത്തികമായും ബുദ്ധിമുട്ടിലാക്കുകയാണ്. പുറത്തുള്ള കേന്ദ്രങ്ങളെ ആശ്രയിച്ചാൽ രോഗികൾക്ക് ഇരട്ടി ചെലവാണുണ്ടാകുന്നത്. ജൂലായ് 12-ന് എക്സ്റേ യൂണിറ്റ് തകരാറിലായിരുന്നു. തുടർന്ന്, പ്രശ്നം പരിഹരിച്ചിരുന്നു.