മലമ്പുഴ: മലമ്പുഴ ഗവ:ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് ഇന്നലെ (ഇന്ന് ബുധൻ) ഉച്ചക്ക് പുലിയെ കണ്ടതായി വിദ്യാർത്ഥികൾ. ഉച്ചയൂണ് കഴിഞ്ഞ് കൈകഴുകാൻ പോയപ്പോഴാണ് പുലിയെ കണ്ടതെന്ന് വിദ്യാർത്ഥികൾ അധ്യാപകരോട് പറഞ്ഞു. അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 11-15 ന് ഈ പ്രദേശത്ത് പുലിയെ കണ്ടിരുന്നു. ഒലവക്കോട്താണാവിലെ ബീവറേജിലെ ജീവനക്കാരൻ ജോലി കഴിഞ്ഞു വരുമ്പോഴാണ് മതിലിൽ പുലിയിരിക്കുന്നത് കാറിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ കണ്ടത്.

ഉടൻ തന്നെ മൊബൈലിൽ ഫോട്ടോയും വീഡിയോയും പകർത്തുകയും വനം വകുപ്പിനേയും പോലീസിനേയും വിവരം അറിയിക്കുകയും ചെയതു. വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈകീട്ട് അഞ്ചരക്ക് കാമറ വെക്കുകയും രാവിലെ പത്തുമണിക്ക് ക്യാമറ എടുത്തു കൊണ്ടു പോവുകയുമാണ് ചെയ്യുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ഉച്ചക്ക് പുലിയെ കണ്ടു എന്ന് വിദ്യാർത്ഥികൾ പറയുന്നത് ക്യാമറയിൽ കാണാനാവില്ല. ഇവിടെ തന്നെയാണ് ജവഹർ നവോദയ വിദ്യാലയവും ഹോസ്റ്റലും പ്രവർത്തിക്കുന്നത്. നാട്ടുകാരോടൊപ്പം നവോദയ വിദ്യാലയത്തിലേയും ഗവ: ഹയർ സെക്കന്ററി സ്കൂളിലേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കൾ ആശങ്കയിലും ഭീതിയിലുമാണ്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ക്യാമറ സ്ഥാപിക്കണമെന്നും പരിസരത്തെ കാട് വെട്ടി തെളിയിക്കണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്.

