പെരുമ്പാവൂർ: പെരുമ്പാവൂർ മാർത്തോമ കോളേജിൽ ശനിയാഴ്ച നടന്ന മാർത്തോമെക്സ് 2K25 പരിപാടി, ഗുരുശിഷ്യ ബന്ധത്തിന്റെ അപൂർവ്വസംഗമ വേദിയായി മാറി. ചലച്ചിത്ര സംഗീതസംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിനെ ആദരിയ്ക്കുന്നതിനായാണ് കോളേജിൽ ‘രാവ് നിലാപ്പൂവ്’ എന്ന പരിപാടി സംഘടിപ്പിച്ചത്. ഒരു കേൾവിക്കാരിയായി ഗായിക യമുനാ ഗണേഷ് എത്തിയപ്പോൾ 55 വർഷം മുമ്പുള്ള ഗുരുശിഷ്യബന്ധത്തിന്റെ അപൂർവ്വമായ ഓർമ്മ പുതുക്കലായി അതു മാറി. പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ പ്രഥമ സംഗീതശിഷ്യയാണ് ഇപ്പോൾ 65 വയസ്സുള്ള യമുനാ ഗണേഷ്. ഒരു കാലത്ത് ഗാനമേള വേദികളിലൂടെ കേരളം തിരിച്ചറിഞ്ഞ പാട്ടുകാരി. പണ്ട് പെരുമ്പാവൂർ കടുവാളിൽ താമസിച്ചിരുന്ന ജി. രവീന്ദ്രനാഥിൽ നിന്നും ആദ്യമായി ഗുരുദക്ഷിണനൽകി സംഗീതമഭ്യസിച്ചത് യമുനയാണ്. അന്ന് ഗുരുവിന് ഇരുപതിനാലും ശിഷ്യക്ക് എഴും വയസ്സ് പ്രായം. കാലടി ശ്രീശങ്കരാ കോളേജിൽ കെമിസ്ട്രി ബിരുദത്തിന് പഠിയ്ക്കുകയായിരുന്നു അന്ന് രവീന്ദ്രനാഥ്. അയല്പക്കക്കാരിയായ ശിഷ്യയുടെ സംഗീതാഭിരുചി തിരിച്ചറിഞ്ഞതും രവീന്ദ്രനാഥ് തന്നെ.
ആകാശവാണിയിലെ ജോലിയും സംഗീതസംവിധാനവുമായി തിരുവനന്തപുരം ശാസ്തമംഗലത്ത് സ്ഥിരതാമസമാക്കിയപ്പോഴും ആദ്യകാലങ്ങളിൽ യമുനയ്ക്കായി ഗാനമേളകളിൽ അവസരമൊരുക്കി നൽകിയിട്ടുണ്ട് രവീന്ദ്രനാഥ്. തിരുവനന്തപുരത്തു നിന്നും ഭാര്യ ശോഭ മേനോനോടൊപ്പമാണ് മാർത്തോമാ കോളേജ് നൽകിയ ആദരമേറ്റു വാങ്ങാൻ എൺപതാം വയസ്സിൽ വീണ്ടും പെരുമ്പാവൂരിലേയ്ക്ക് അദ്ദേഹമെത്തിയത്. സംഗീതസംവിധായകൻ എം. ജയചന്ദ്രനടക്കം പ്രശസ്തരായ അദ്ദേഹത്തിന്റെ നിരവധി ശിഷ്യർ പരിപാടിയിൽ പങ്കെടുക്കാനെത്തി. ഗായകരായ സുധീപ്കുമാർ, ഗണേഷ് സുന്ദരം, രവിശങ്കർ, ചിത്ര അരുൺ, സരിത രാജീവ്, സംഗീത ശ്രീകാന്ത് തുടങ്ങിയവർ ഗുരുപ്രണാമമായി അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങളാലപിച്ചു. സംവിധായകൻ സിബി മലയിൽ വിശിഷ്ടാതിഥിയായിരുന്നു. സംഗീതരംഗത്ത് 55 വർഷം പൂർത്തിയാക്കുന്ന യമുനാ ഗണേഷ് ഗുരുനാഥനെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ്. വല്ലം കവലയ്ക്കടുത്ത് പഴുക്കാമറ്റം ക്ഷേത്രത്തിനെതിർവശത്താണ് യമുന താമസിക്കുന്നത്. വർഷങ്ങളായി ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഒരു സംഗീതവിദ്യാലയം നടത്തുന്നുണ്ട്. പരേതനായ ഗണേഷ് ആണ് ഭർത്താവ്. ഏക മകൻ അരുൺ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്.

