പറവൂർ: ലിറ്റിൽ മിഷനറീസ് ഓഫ് ദി സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ അംഗവും ചാലക്കുടി കാടുകുറ്റി വലിയമർത്തിങ്കൽ പരേതനായ ഫ്രാൻസിസ് – അനില ദമ്പതികളുടെ മകളുമായ സിസ്റ്റർ ജിജി ഫ്രാൻസിസ് അവരസ് എറണാകുളം ബാർ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ അഭിഭാഷകയായി എൻറോൾ ചെയ്തു. കന്യാസ്ത്രീയായി 25 വർഷക്കാലം സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന സിസ്റ്റർ സഭയുടെ കീഴിൽ ഏഴിക്കര പഞ്ചായത്തിലെ ചാത്തനാട് എൽഡ സെപ്യാച്ചി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയായും പ്രധാന അധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. സ്കൂൾ മാനേജറായും, ചാത്തനാട് കോൺവെൻ്റ് മദർസുപ്പീരിയറായും സേവനം ചെയ്യുന്നു. ഇതിനിടെ പത്ത് വർഷത്തോളം സഭയുടെ നിയമകാര്യങ്ങളിലും ഇടപെടേണ്ടി വന്നു. ഇതിനിടയിലാണ് നിയമം പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതും സഭ അനുമതി നൽകിയതും. 1995 ൽ സന്യസ്ത ജീവിതം ആരംഭിച്ച സിസ്റ്റർ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി എഡും നേടി. കർണാടകയിൽ എൽ എൽ ബി പൂർത്തിയാക്കിയ ശേഷം പറവൂരിലെ പ്രോംറ്റ് ഓപ്പറേറ്റീവ് ലീഗൽ കൺസൾട്ടൻസി സർവീസസിൽ മൂന്നുമാസം ഇൻ്റേൺഷിപ്പ് ചെയ്തു. സഭ കാര്യങ്ങൾക്കായി ഇറ്റലിയിൽ പോയി തിരികെ എത്തിയശേഷം പറവൂർ ബാറിൽ പ്രാക്ടീസ് ചെയ്യാനാണ് തീരുമാനം. സമൂഹത്തിൽ നീതി നിഷേധിക്കപ്പെടുന്നവർക്കായി സേവനം ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് സഭാവസ്ത്രത്തിനു മേൽ നീതിപാലകയുടെ കറുത്ത കോട്ട് അണിഞ്ഞത്. ഫാമിലി, സിവിൽ നിയമങ്ങൾ കൈകാര്യം ചെയ്യാനാണ് താല്പര്യം.
