വിജയതിളക്കവുമായി ഫ്ലെയിം എക്സലൻസ് മീറ്റ് ജൂൺ 8 ന് മന്ത്രി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഗോപിനാഥ് മുതുകാട് മുഖ്യാതിഥി.

മണ്ണാർക്കാട്:എൻ.ഷംസുദ്ദീൻ എം.എല്‍.എ യുടെ നേതൃത്വത്തില്‍ മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ഫ്ലെയിം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 8 ന് എക്സലൻസ് മീറ്റ് നടത്തും.രാവിലെ 9.30 ന് എം.പി.ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മെജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. മണ്ഡലത്തിൽ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ 798 വിദ്യാർത്ഥി പ്രതിഭകളെയും നൂറു ശതമാനം വിജയ നേട്ടം കൈവരിച്ച 19 വിദ്യാലയങ്ങളെയും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ജേതാക്കളായ 92 പേരെയും ചടങ്ങിൽ അനുമോദിക്കും.

ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും എക്സലൻസ് മീറ്റിൽ സംബന്ധിക്കും. ഫ്ലെയിം പദ്ധതിയുടെ ഭാഗമായി നടത്തിയ എൻ.എം.എം.എസ് പരിശീലനത്തിലൂടെ 92 പേരാണ് പ്രതിവർഷം 12000 രൂപ വീതം നാല് വർഷത്തേക്ക് 48000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിന് മണ്ഡലത്തിൽ നിന്നും യോഗ്യരായത്.അട്ടപ്പാടി മേഖലയിലെ എട്ട് ഹൈസ്കൂളുകൾ ഉൾപ്പെടെ 19 വിദ്യാലയങ്ങളിൽ നൂറ് ശതമാനം വിജയം നേടാനായി.വിവിധ വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി പുതിയ കെട്ടിടങ്ങൾ, പാചകപ്പുര,ശുചിമുറി,സ്മാർട്ട് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർവൽക്കരണം,സ്കൂൾ ബസുകൾ,സ്കൂൾ, കോളേജ് ലൈബ്രറികൾക്ക് പുസ്തകങ്ങൾ,അംഗൻവാടികളിലെ കുരുന്നുകൾക്ക് വിശ്രമിക്കാൻ ബെഡുകൾ തുടങ്ങിയ പ്രവർത്തനങ്ങളും സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്നു.

ഫ്ലെയിം കോർ ഗ്രൂപ്പ് ആലോചനാ യോഗം എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.കൺവീനർ ഡോ.ടി.സൈനുൽ ആബിദ്,കെ.ജി.ബാബു, സിദ്ദീഖ് പാറോക്കോട്, ടി.ബിനീഷ്,സലീം നാലകത്ത്, എം.മുഹമ്മദലി മിഷ്കാത്തി, മുനീർ താളിയിൽ,ബിലാൽ മുഹമ്മദ്,ഷമീർ മണലടി, എം.സുഫ്‌യാൻ സംബന്ധിച്ചു.ഹജ്ജ് കർമത്തിന് പോകുന്ന ഹമീദ് കൊമ്പത്തിന് യോഗത്തിൽ യാത്രയയപ്പ് നൽകി.