പാലക്കാട്: പ്ലാച്ചിമട കൊക്കക്കോള കമ്പനി പ്രദേശത്തുണ്ടാക്കിയ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഊരുമൂപ്പൻമാർ പാലക്കാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹം അഖിലേന്ത്യകിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയും എൽ ഡി എഫ് ജില്ലാ കൺവീനറുമായ വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
ഇടതു പക്ഷ പാർട്ടികളടക്കം സമരം ചെയ്താണ് കൊക്കക്കോളയുടെ ജലചൂഷണവും ജല -മണ്ണ് മലിനീകരണവും അവസാനിപ്പിച്ചത് ‘ എൽ ഡി എഫ് മുൻകൈ എടുത്താണ് 2011 ൽ പ്ലാച്ചിമട ട്രൈബ്യൂണൽ നിയമം നിയമസഭ ഏകകണ്ഠേന പാസാക്കിയത്. എന്നാൽ രാഷട്രപതി അതിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ സംസ്ഥാന നിയമസഭ കേന്ദ്ര വിഷയങ്ങൾ ഒഴിവാക്കി വീണ്ടും നിയമം പാസ്സിക്കണമെന്നാണ് പ്ലാച്ചിമട സമരസമിതി ആവശ്യപ്പെടുന്നത്. ആ ജനകീയാവശ്യം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര ഗവർമെൻറും സംസ്ഥാന ഗവർമെൻറും ജനകീയ വിഷയങ്ങൾ മറന്നു പോകുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നിയമം പാസാക്കുന്നതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറൽ സർക്കാറിന് ഉപദേശം നൽകിയ സാഹചര്യത്തിൽ ഫെബ്രു 16ന് ഉന്നതതല യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നുവെങ്കിലും അത് മാറ്റിവെക്കാനിടയായ സാഹചര്യം ദുരൂഹമാണെന്ന് വിളയോടി വേണുഗോപാൽ അഭിപ്രായപ്പെട്ടു.പ്ലാച്ചിമട സമരം ശക്തിപ്പെടുത്തുമെന്നും മാർച്ച് 21 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ ഊരുമൂപ്പൻമാരുടെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി.എഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള (Ex MLA )ഇസാ ബിൻ അബ്ദുൾ കരീം, സി.ആർ നീലകണ്ഠൻ,എൻ.സുബ്രഹ്മണ്യൻ, സുലൈമാൻ എം, വി.പി.നിജാമുദ്ദീൻ, എസ്. രമണൻ, കെ.വാസുദേവൻ സന്തോഷ് മലമ്പുഴ, പുതുശ്ശേരി ശ്രീനിവാസൻ, പിരായിരി സെയ്ത് മുഹമ്മദ്, മലമ്പുഴ ഗോപാലൻ, രാജേന്ദ്രൻ എൻ, സി.ഹരി, കെ.ആർ ബിർല, എം.എൻ ഗിരി, രേഖ വരമുദ്ര, വി.പത്മലോചനൻ, കെ.ശിവരാജേഷ്, ബി.രാജേന്ദ്രൻ നായർ, സെയ്ദ് പറകുന്നം, സുന്ദരൻ വെള്ളപ്പന, കെ.മായാണ്ടി, വി.ചന്ദ്രൻ ആർ.സുരേന്ദ്രൻ കെ.എം.ബീവിതുടങ്ങിയവർ പ്രസംഗിച്ചു.
ഊരുമൂപ്പൻമാരായ എ. കണ്ണദാസൻ ( പ്ലാച്ചിമട), എം.തങ്കവേലു (വിജയനഗർ), കെ.ശക്തിവേൽ (തൊട്ടിച്ചിപ്പതി) കെ .സുന്ദരൻ (മാധവൻ പതി) കെ.ഗുരുസ്വാമി (കമ്പലത്തറ) ആർ.രാജൻ (രാജീവ്നഗർ) സി.മണി (കൊച്ചിക്കാട്) എന്നിവരാണ് കലക്ടറേറ്റിനു മുന്നിൽ സത്യഗ്രഹം നടത്തിയത്.