കടം വീട്ടാന്‍ കഴിവില്ല: സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് സജി

വീരാവുണ്ണി മുളളത്ത്

പട്ടാമ്പി: കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55 കാരന്‍. ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് വൃക്ക വില്‍പ്പനയ്‌ക്കെന്ന് കാണിച്ച് പോസ്റ്റര്‍ പതിച്ചത്.
11ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് വേണ്ടിയാണ് സജി ഇത്തരത്തിലൊരു ആശയവുമായി മുന്നോട്ടുവന്നത്. ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ചാണ് സജി പോസ്റ്റര്‍ പതിച്ചത്.
പെയിന്റിങ് തൊഴിലാളിയാണ് സജി. കഴിഞ്ഞ 26 വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന സജിയും കുടുംബവും ഒന്നര വര്‍ഷം മുമ്പാണ് സ്വന്തമായി 10 സെന്റ് സ്ഥലം വാങ്ങിയത്. അവിടെ ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് ഒരു വീട് കെട്ടി താമസിക്കുകയായിരുന്നു. കയ്യിലുള്ള പണവും കടം വാങ്ങിയ പണവും എല്ലാംകൂടി ഉപയോഗിച്ചാണ് സജി സ്ഥലം വാങ്ങിയിരുന്നത്.
എന്നാല്‍ താമസം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞെങ്കിലും വീടുകെട്ടാന്‍ ചെലവായ പണത്തിന്റെ കടം വീട്ടാന്‍ പോലും ആയില്ലെന്ന് സജി പറയുന്നു. സജിയിക്ക് മൂന്ന് ആണ്‍കുട്ടികളാണുളളത്. മക്കളില്‍ രണ്ട് പേര്‍ ബികോം വരെ പഠിച്ചെങ്കിലും കാര്യമായ വരുമാനം ഇരുവര്‍ക്കുമില്ല. 6000 രൂപ ശമ്പളത്തിനാണ് രണ്ടുപേരും ജോലിചെയ്യുന്നത്. രണ്ട് തവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സയ്ക്കുവേണ്ടി ലക്ഷങ്ങളാണ് ചെലവായതെന്ന് സജി പറഞ്ഞു.
നോട്ട് നിരോധനവും അതിനു പിന്നാലെ വന്ന കൊവിഡും കാരണം ഒരു മാസത്തില്‍ അഞ്ച് ദിവസം പോലും ജോലി ഇല്ലെന്നാണ് സജി പറയുന്നത്. ആഗ്രഹിച്ച് വാങ്ങിയ വീടും സ്ഥലവും കടം കയറി നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് സജി പറയുന്നു. തന്റെ തീരുമാനത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പാണെന്നും എന്നാല്‍ കടം വീട്ടാന്‍ മറ്റൊരു വഴിയും ഇല്ലെന്നാണ് സജി പറയുന്നത്.