പാലക്കാട്: കേരളത്തിലെ പ്രത്യേക സാഹചര്യമനുസരിച്ച് ബഫര്‍സോണ്‍ വനത്തിനുള്ളില്‍ നിര്‍ബന്ധമായും നിജപ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ വിശദമായി വിഷയം പഠിച്ചതിനുശേഷം എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് എം ഈ ആവശ്യമാണ് ഉന്നയിച്ചത്.ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കുമായി വളരെ ചെറിയ ഭൂവിസ്തൃതി മാത്രമേ സംസ്ഥാനത്ത് ലഭ്യമായിട്ടുള്ളൂ. ഭൂലഭ്യതയുടെ കാര്യത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കര്‍ഷകരുടെ കൈവശം ഇരിക്കുന്ന ഭൂമിയിലും ഇതര സ്വകാര്യഭൂമിയിലും റവന്യൂ ഭൂമിയിലും ബഫർസോണടക്കം കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തിയാൽ കേരളത്തില്‍ ജനജീവിതം അസാധ്യമാകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. കേരളത്തിലെ ജനവാസ മേഖലകൾ രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. രാജ്യത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1.1 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനവും കേരളത്തിലാണുള്ളത്. 38863 ചതുരശ്ര കിലോ വിസ്തൃതിയുള്ള കേരളത്തിലെ 69.4 ശതമാനം പ്രദേശങ്ങളിലും വിവിധ പരിസ്ഥിതി നിയമങ്ങളുടെ നിയന്ത്രണങ്ങള്‍ ഉണ്ട് . സംസ്ഥാനത്തെ കേവലം 30.6% ഭൂപ്രദേശം മാത്രമാണ് ജനവാസമേഖലകള്‍ക്കായി ലഭ്യമായിട്ടുള്ളത്. ഇതു മാത്രമല്ല ഓരോ വര്‍ഷവും ജനസാന്ദ്രതയില്‍ സംസ്ഥാനം വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. നമ്മുടെ നഗരങ്ങള്‍ക്ക് നഗരപരിധി വിട്ട് വളര്‍ച്ചയുണ്ടായെങ്കില്‍ മാത്രമേ ഇനി കേരളത്തില്‍ ജനജീവിതം സാധ്യമാവുകയുള്ളൂ. കേരളത്തില്‍ 9438 ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ റിസര്‍വ് വനമാണ്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കുമായി 3476 ചതുരശ്ര കി.മീറ്റര്‍ വനം മാത്രമാണ് ഉപയോഗിച്ചിട്ടുളളത്. ആകെ വനത്തിന്റെ 35% മാത്രമേ ഇക്കാര്യത്തിനായി വിനിയോഗിച്ചിട്ടുള്ളൂ. ബാക്കി 65 ശതമാനം റിസര്‍വ് വനങ്ങളുണ്ട്. ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മറ്റിയെയും കേന്ദ്ര മന്ത്രാലയത്തെയും ബഫര്‍ സോണ്‍ വിഷയത്തില്‍ നടത്തേണ്ട നിയമപരമായ ഇടപെടലുകളുടെ ആവശ്യകത കേരളാ കോൺഗ്രസ് എം പഠന റിപ്പോർട്ടായി എംപവേർഡ് കമ്മറ്റിക്ക് നൽകിയത്. തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഉപഗ്രഹ സര്‍വ്വേക്ക് ഒപ്പം കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ സംബന്ധിച്ച വിശദമായ ഗ്രൗണ്ട് സര്‍വേ നടത്തണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ് എം മുഖ്യമന്ത്രിയോട ഉന്നയിച്ചത്. കൃഷിയിടങ്ങള്‍, നിര്‍മ്മിതികള്‍, വാസസ്ഥലങ്ങള്‍, അടിസ്ഥാന സൗകര്യ വസ്തുതകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ സ്ഥലപരിശോധന കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ നടത്തിവേണം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്ന വ്യക്തമായ നിലപാടാണ് പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാര്‍ തയ്യാറാക്കുന്ന സര്‍വേ റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് പരിശോധിക്കാനും പരാതിയുണ്ടെങ്കില്‍ അത് തല്‍കാനുള്ള അവസരം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാനും അതിനുള്ള സംവിധാനമേര്‍പ്പെടുത്താനും ബഹു മുഖ്യമന്ത്രി തയ്യാറായി. പരാതികള്‍ നല്‍കാനുള്ള തീയതി നീട്ടി നല്‍കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യവും ബഹു മുഖ്യമന്ത്രി അനുഭാവപൂര്‍വ്വമാണ് അംഗീകരിച്ചത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടാണ് ഇനി സുപ്രീംകോടതി മൂന്നംഗ ബഞ്ചില്‍ സർക്കാർ സമര്‍പ്പിക്കുകയെന്നാണ് മനസ്സിലാകുന്നത്. വസ്തുതകളുടെയും കണക്കുകളുടെയും പ്രായോഗികതയുടെയും അടിസ്ഥാനത്തിലാകണം ബഫര്‍ സോണ്‍ നിശ്ചയിക്കേണ്ടത്. കേരളത്തിലത് വനത്തിനുള്ളില്‍ നിജപ്പെടുത്തണ മെന്നതാണ് പാര്‍ട്ടി നിലപാട്. കേരളത്തിന്റെ വിശപ്പടക്കാന്‍ ഗ്രോ മോര് ഫുഡ് പോലെയുള്ള പദ്ധതികള്‍ പ്രകാരം പ്രകൃതിയോട് മല്ലടിച്ച് കാലങ്ങള്‍ക്ക് മുമ്പേ കൃഷി ആരംഭിക്കുകയും ജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത തലമുറകളുടെ മണ്ണാണിത്. ആ മണ്ണില്‍ നിന്നും മലയോര ജനതയെ കുടിയൊഴിപ്പിക്കാനുള ഒരു നീക്കവും കേരള കോണ്‍ഗ്രസ് എം അനുവദിക്കില്ല. കര്‍ഷകന്റെ ഒരു തരി മണ്ണ്പോലും വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി അനുവദിക്കില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു. വനാതിർത്തികളിലെ ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മനുഷ്യരുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനു സ്വീകരിക്കുന്ന നടപടികളുടെ മേൽനോട്ടത്തിനും നഷ്ടപരിഹാര ലഭ്യതക്കുമായി ട്രിബ്യൂണൽ രൂപീകരിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു. 50 വർഷം പഴക്കമുള്ള വന്യജീവി സംരക്ഷണ നിയമമാണ് ഇപ്പോൾ നിലനിൽക്കുന്നത്.ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാണ് നിലവിലെ വനംവന്യജീവി നിയമങ്ങളിലെ പല വ്യവസ്ഥകളും . മനുഷ്യർ വനങ്ങളിൽ കയറി കാടിനെയും മ്യഗങ്ങളെയും നശിപ്പിക്കാതിരിക്കാനാണ് നിലവിലെ നിയമം 1972 ൽ നിർമ്മിച്ചത്.
പക്ഷേ ഇപ്പോൾ സാഹചര്യങ്ങൾ മാറി. മനുഷ്യർക്ക് വനാതിർത്തി പ്രദേശങ്ങളിൽ സ്വൈരമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ചെയ്യുന്ന ആക്രമണങ്ങൾ പെരുകി. മനുഷ്യജീവനും കൃഷിയിടങ്ങൾക്കും ഒരു സുരക്ഷിതത്വവുമില്ലാതെയായിരിക്കന്നു. മുഗങ്ങളുടെ ആ ക്രമണമുണ്ടാകുമ്പോൾ പ്രതിരോധത്തിനു ശ്രമിച്ചാൽ മനുഷ്യർ ജയിലിലാകുന്നതാണ് നിലവിലെ നിയമം. ഈ നിയമമനുസരിച്ച് വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് വേഗത്തിൽ നീതിയും നഷ്ടപരിഹാരവും ലഭിക്കില്ല. അതൊഴിവാക്കാൻ ട്രിബ്യൂണൽ രൂപീകരണം കാലോചിതവും അനിവാര്യവുമാണ്. കാടിറങ്ങി വന്യമൃഗങ്ങൾ നാട്ടിലിൽ ആക്രമണം നടത്തുമ്പോൾ നടപടികൾ വൈകുന്നത് ഒഴിവാക്കുന്നതിന് നിയമപരമായ മേൽനോട്ടം അത്യാവശ്യമായി വന്നിരിക്കുന്നു. ആക്രമണകാരികളായ മൃഗങ്ങളെ കണ്ടാലുടൻ വെടിവക്കാനാനുള്ള ഉത്തരവുണ്ടാകണം. ഇതിനായി വനം-പരിസ്ഥിതി വകുപ്പുകളിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വനാതിർത്തികളിലെ ജനവാസ മേഖലകളിലുണ്ടെന്ന് ഉറപ്പാക്കാൻ ട്രിബ്യൂണലിന് കഴിയുമെന്നും ജോസ്.കെ.മാണി ചൂണ്ടിക്കാട്ടി. കേരളാ കോൺഗ്രസ് എം പാലക്കാട ജില്ലാ നേതൃസമ്മേളനം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ കെ.കുശലകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബാബു ജോസഫ്, ജോസ് ജോസഫ്, കെ.എം. വർറ്റീസ്, ബേബി പാണച്ചിറ, മാലേത്ത് പ്രതാപചന്ദ്രൻ, സിറിയക് ചാഴിക്കാടൻ, പ്രേമകുഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.