പേപ്പർബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി

പാലക്കാട്: പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്ന പേപ്പർ ബാഗ് ആവശ്യത്തിന് ലഭ്യമാക്കുന്നതിനായി
ഗാന്ധിയൻ സ്ഥാപനമായ സർവോദയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മിത്രനികേതൻ്റെ സാങ്കേതിക സഹായത്തോടെ പാലക്കാട് നഗരസഭ കുടുംബശ്രീ ഹാളിൽ രണ്ട് ദിവസത്തെ പേപ്പർബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.

പാലക്കാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.സ്മിതേഷ് പരിശീലന പരിപാടി ഉൽഘാടനം ചെയ്തു. സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ടി.ബേബി, മിത്ര നികേതൻ ലെയ്സൺ ആഫീസർ സജു രവീന്ദ്രൻ, ഡമോക്രസി ഫെല്ലോ എം.കെ.ശാന്തി, തേജസ് ട്രസ്റ്റ് ചെയർമാൻ രാജേഷ് കുത്തനൂർ, ദേശീയ വിവരാവകാശ കൂട്ടായ്മ കോർഡിനേറ്റർ കെ.വി.കൃഷ്ണകുമാർ, വില്ലേജ്ഫെല്ലോമാരായ ഷൈന ബിനീഷ്, സന്തോഷ് കാരാങ്കോട്, തുടങ്ങിയവർ സംസാരിച്ചു.

ഒരു ലഘു യന്ത്രത്തിന്റെ സഹായത്തോടെ ഏത് പേപ്പർ ഉപയോഗിച്ചും കുറഞ്ഞ ചിലവിൽ നല്ല കൈ പിടിയോടു കൂടിയ 15 കി. ഭാരം വരെ താങ്ങാൻ കഴിയുന്ന ബാഗുകളാണ് നിർമ്മിക്കുക.

ഈസി പേപ്പർ ബാഗ് മേക്കറിന് സംസ്ഥാന ശാസ്ത്ര സങ്കേതിക വകുപ്പിന്റെ 2021 ലെ RIM ഇന്നവേഷൻ അവാർഡ് ലഭിച്ച സാങ്കേതികവിദ്യയാണ് പരിശീലനത്തിനും നിർമ്മാണത്തിനും ഉപയോഗിക്കുന്നത്.

പേപ്പർബാഗ് നിർമ്മാണത്തോടൊപ്പം സ്ക്രീൻ പ്രിൻറിംഗും, അതിനുപയോഗിക്കുന്ന മഷിയുടെ നിർമ്മാണം, കേടുവരാതെ സൂക്ഷിക്കാൻ കഴിയുന്ന പശയുടെ നിർമ്മാണം, വിപണനം തുടങ്ങിയവയിലും പരിശീലനം നൽകി.

പേപ്പർ ബാഗ് ആവശ്യത്തിന് മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും അതുവഴി സ്ത്രീകൾക്ക് അധിക വരുമാനം ലഭിക്കുന്നതിനും ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിശീലനത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും സ്വയംസഹായ സംഘങ്ങളുടെയും വനിതാ ഘടകപദ്ധതിയിൽപ്പെടുത്തി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരുടെയും പ്രതിനിധികളാണ് പങ്കെടുത്തത്.

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷങ്ങളുടെയും ( ആസാദി കാ അമൃത് മഹോത്സവ് ) സർവ്വോദയ കേന്ദ്രത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായാണ് പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചത്.

വളരെ ചെറിയ മുടക്കുമുതൽ കൊണ്ട് വീട്ടിൽ ഒരു സംരംഭമായി തുടങ്ങി പ്രതിമാസം 20000 രൂപ വരെ സമ്പാദിക്കാൻ കഴിയുന്ന പദ്ധതിയാണിത്.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംരംഭം തുടങ്ങുന്നതിനും വായ്പ ലഭ്യമാക്കുന്നതിനും ഉൽപ്പാദന സാധന സാമഗ്രികളും, മെഷിനറിയും ഒരുമിച്ച് വാങ്ങുന്നതിനും ഉൽപ്പാദന പ്രക്രിയയിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനും വിപണനത്തിനും ആവശ്യമായ പിന്തുണ നൽകുമെന്ന് സർവ്വോദയ കേന്ദ്രം ഡയറക്ടർ പറഞ്ഞു.

രണ്ട് ദിവസത്തെ പേപ്പർബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന പഞ്ചായത്തുകൾ, നഗരസഭകൾ, കുടുംബശ്രീ CDS, ADS, അയൽക്കൂട്ടങ്ങൾ, സ്വയംസഹായ സംഘങ്ങൾ, പഞ്ചായത്തിൻ്റെ വനിതാ ഘടകപദ്ധതിയിൽപ്പെടുത്തി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ,
റസിഡൻറ്സ് അസ്സോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, മഹിളാസമാജങ്ങൾ, വായനശാലകൾ തുടങ്ങിയവർ 9447483106 ഫോൺ നമ്പറിൽ ബന്ധപ്പെടണം.