മലമ്പുഴ : സതീശൻ പാച്ചേനിക്ക് ഏറെ വൈകാരിക അടുപ്പമുള്ള ഇടമാണ് മലമ്പുഴയെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ. മലമ്പുഴയിൽ സതീശൻ പാച്ചേനി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസ്ഥാനത്തെ ജീവശ്വാസംപോലെ മരണം വരെയും മുറുകെ പിടിച്ച സതീശൻ പാച്ചേനി ഒരുവേദിയിലം പാരാതിയോ പരിഭവമോ പറയാത്ത അച്ചടക്കമുള്ള കോൺഗ്രസുകാരനായിരുന്നു. പലപ്പോഴും നിർഭാഗ്യങ്ങൾ മാത്രം കൈവന്നപ്പോഴും അതിനെയെല്ലാം സധൈര്യം നേരിട്ട വ്യക്തിയാണ് അദ്ദേഹം . കെഎസ്യു സംസ്ഥാന പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, കണ്ണൂർ ഡിസിസി പ്രസിഡൻറ് തുടങ്ങി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒട്ടനവധിയായ പദവികളിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും അഴിമതികറപുരളാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ നേർചിത്രമായിരുന്നു സതീശൻ പാച്ചേനി.
വിദ്യാർത്ഥി നേതാക്കളെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സതീശേട്ടൻ ഏതു പ്രതിസന്ധികളിലും പ്രവർത്തകരെ ചേർത്തുപിടിച്ച നേതാവാണ് എന്നും ടി.സിദ്ദീഖ് പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന തന്റെ സത്യസന്ധമായ പ്രവർത്തനത്തിലൂടെ അംഗീകാരങ്ങളുടെ അമരത്തെത്തുകയും ഇടതു രാഷ്ട്രീയത്തിന്റെ കോട്ടയായ പാലക്കാട്ടും മലമ്പുഴയിലും വാശിയേറിയ മത്സരം നടത്തിയ അദ്ദേഹത്തിന് പ്രവർത്തകരുടെ മനസ്സിൽ എന്നും പ്രത്യേക സ്ഥാനമുണ്ട്, പ്രസ്ഥാനത്തിനായി സ്വന്തം വീടുപോലും വിറ്റ അദ്ദേഹത്തിന്റെ കുടുംബത്തേസംരക്ഷിക്കാൻ സതീശേട്ടൻ വിശ്വാസിച്ച പാർട്ടി എന്നും കൂടെയുണ്ടാവുമെന്നും ടി.സിദ്ധിഖ് എംഎൽഎ പറഞ്ഞു.
മലമ്പുഴ-പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എംവി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിസിഡി ജനറൽ സെക്രട്ടറിമാരായ വി.രാമചന്ദ്രൻ, എസ്കെ അനന്തകൃഷ്ണൻ, പുതുശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിജയ് ഹൃദയരാജ്, കെ.എസ് ജയഘോഷ് , പിപി വിജയകുമാർ, വിനോദ് ചെറാട്, എംസി സജീവൻ കെ.എം രവീന്ദ്രൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.