തിരുവനന്തപുരം: ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്ന കേരള പുത്രൻ കെ.ആർ. നാരായണന്റെ 17ാമത് ചരമവാർഷികം സംസ്ഥാന വ്യാപകമായി ഇന്ന് ആചരിക്കും. കെപിസിസി നേതൃത്വത്തിൽ രാവിലെ ഇന്ദിരാ ഭവനിൽ നടക്കുന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി, ഡിസിസി ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
രാഷ്ട്രപതിയുടെ ഔദ്യോഗിക പദവി കഴിവോടേയും, മികവോടെയും വിശാലമായ അർത്ഥത്തിലും ഉപയോഗിച്ച നിശ്ചയദാർഢ്യമുള്ള രാഷ്ട്രപതിയായിരുന്നു കെ.ആർ.നാരായണൻ. പ്രവർത്തിക്കുന്ന ഒരു പ്രസിഡന്റ് എന്നായിരുന്നു നാരായണൻ സ്വയം വിശേഷിപ്പിച്ചിരുന്നത്. 1999 ലെ കാർഗിൽ യുദ്ധസമയത്ത് ഒരു തൂക്കു മന്ത്രിസഭയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. സൈനിക തലവന്മാർ പ്രസിഡന്റെന്ന നിലയിൽ നാരായണനെ നേരിട്ടായിരുന്നു യുദ്ധത്തിന്റെ പുരോഗതി വിവരിച്ചിരുന്നത്. 1997 ൽ ഉത്തർപ്രദേശിലെ കല്യാൺസിംഗ് സർക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനവും, ഒരുകൊല്ലത്തിനുശേഷം ബീഹാറിൽ റാബ്രിദേവി മന്ത്രിസഭയെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനവും രാഷ്ട്രപതി എന്ന നിലയിൽ നാരായണൻ തള്ളി. സ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി വേളയിൽ കെ.ആർ.നാരായണൻ ആയിരുന്നു രാഷ്ട്രപതി. 2005 നവംബർ 9 ന് തന്റെ 85ാമത്തെ വയസ്സിൽ കെ.ആർ.നാരായണൻ അന്തരിച്ചു. കേരളത്തിൽ നിന്നു ഉപരാഷ്ട്രപതിയായും പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ട ഏക നേതാവാണ് കോൺഗ്രസിന്റെ ഈ ധീരപുത്രൻ.