ഒക്ടോബർ 31:എൻ.എസ് എസ് പതാകദിനം

കേരളത്തിൻ്റെ സാമുഹിക – സമുദായിക -സംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച നായർ സർവ്വീസ് സൊസൈറ്റി പ്രവർത്തന പഥത്തിൽ 109 -മത് വർഷത്തിലേക്ക് കടക്കുകയാണ് 2022 ഒക്ടോബർ 31 ന് .
1914 ഒക്ടോബർ 31 ന് സായം സന്ധ്യയിൽ ചങ്ങനാശ്ശേരി പെരുന്നയിലുള്ള മന്നത്ത് ഭവനത്തിൻ്റെ പുമുഖത്ത് മന്നത്ത് പാർവ്വതി അമ്മ തിരി തെളിയിച്ച നിലവിളക്കിനെ സാക്ഷ്യപ്പെടുത്തി മന്നത്ത് പത്മനാഭനും പിൽക്കാലത്ത് കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പനും അടക്കമുള്ള 14 സുഹൃത്ത്ക്കൾ ” ഞാൻ നായർസമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും .അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതര സമുദായങ്ങൾക്ക് ക്ഷോഭകരമായ യാതൊരു പ്രവർത്തിയും ചെയ്യുന്നതല്ല .ഈ സംഘോദ്ദേശങ്ങളെ മുൻ നിർത്തിയും ഉദ്ദേശ സാദ്ധ്യത്തിനു വേണ്ട ന്യായമായ കരുതലോടു കൂടിയും ഞാൻ ജീവിച്ചു കൊള്ളാം .സത്യം സത്യം സത്യം ” എന്ന സത്യപ്രതിജ്ഞ ചൊല്ലി കൊണ്ട് രൂപീകരിച്ച നായർ ഭൃത്യ ജന സംഘം, ഒരു വർഷത്തിനകം നായർ സർവീസ് സൊസൈറ്റി എന്ന പേർ സ്വീകരിച്ചു , 109 വർഷങ്ങൾക്ക് മുൻപ് ഉരുവിട്ട പ്രതിജ്ഞ ഇന്നും നായർ സർവ്വീസ് സൊസൈറ്റി പ്രവർത്തകർ സ്ഥാപകദിനത്തിലും ,മന്നം ജയന്തി, മന്നം സമാധി തുടങ്ങിയ വിശേഷ അവസരങ്ങളിലും ഉരുവിട്ട് പുതുക്കുന്നു.
ആംഗലേയ ഭരണാധികാരികളുടെ കീഴിൽ ആയിരുന്നു നാം 1914 ൽ .
അതിനു ശേഷം 1947 ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം മാത്രം തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്തിന് നമ്മുടെ രാജ്യം നൽകിയ പ്രാധാന്യം വളരെ വലുതായിരുന്നു. എന്നാൽ സ്വാതന്ത്ര്യ ലഭ്ധിക്കു മുൻപ് രൂപീകരിച്ച എൻ.എസ്.എസ് മതേതരത്വത്തിന് എത്ര പ്രാധാന്യം നൽകി എന്നുള്ളത് പ്രതിജ്ഞ വാചകം ശ്രദ്ധിച്ചാൽ മതിയാകും.
സ്വാമി വിവേകാനന്ദൻ കേരളം ഒരു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച നമ്മുടെ നാടിൻ്റെ അവസ്ഥ അയിത്തത്തിൻ്റെയും, അനാചാരത്തിൻ്റെയും പേരിൽ ഹൈന്ദവ സമുദായം വേർതിരിക്കപ്പെട്ടിരുന്ന 18 ഉം 19 ഉം നുറ്റാണ്ടുകൾ ,ആര്യാധിനിവേശത്തോടെ ഹൈന്ദവരിൽ അടിച്ചേൽപ്പിക്കപ്പെട്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും .അവയുടെ ബലത്തിൽ ഓരോ സമുദായവും തങ്ങൾക്ക് താഴെയുള്ള സമുദായങ്ങളെ പീഢിപ്പിച്ചിരുന്ന കാലഘട്ടം, നായർ സമുദായത്തിൻ്റെ സ്ഥിതിയും ഒട്ടും ഭിന്നമായിരുന്നില്ല .മുപ്പത്തി മൂന്ന് ഉപജാതികൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ പരസ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെടുവാനോ സാധിക്കാതിരുന്ന സ്ഥിതി വിശേഷം. താലികെട്ട്, വെടികെട്ട്, കേസ് കെട്ട്, കുതിര കെട്ട്, എന്നീ നാല് കെട്ടുകൾ മൂലം അന്യാധീനപെട്ട് കൊണ്ടിരുന്ന നായരുടെ എട്ടുകെട്ടുകളും , നാല് കെട്ടുകളും, തറവാട്ടിലെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പൂതിരിക്ക് സംബന്ധം എന്ന പേരിൽ കാഴ്ചവയ്ക്കുന്നതിൽ അഭിമാനം കൊണ്ടിരുന്ന തറവാട്ട് കാരണവൻമാർ,
അധ:പതനത്തിൻ്റെ ഗർത്തങ്ങളിലേക്ക് നായർ സമുദായം ആണ്ട് പോയിരുന്ന കാലഘട്ടത്തിലാണ് മന്നത്ത് പത്മനാഭൻ്റെ നേതൃത്വത്തിൽ നായർ സർവ്വീസ് സൊസൈറ്റി രൂപം കൊള്ളുന്നത്. യാഥാസ്ഥിതിക പ്രമാണിമാരുടെ എതിർപ്പ് നേരിട്ടു കൊണ്ട് ധീരതയോടെ സമുദായ പുരോഗതിക്കായി എൻ.എസ്.എസ് പ്രവർത്തിച്ചതിൻ്റെ ബാക്കി പത്രമാണ് 108 വർഷം പിന്നിടുന്ന കാലഘട്ടത്തിൽ മരുമക്കത്തായവും, ബ്രാഹ്മണ സംബന്ധങ്ങളും അടക്കമുള്ള അനാചാരങ്ങൾ ഒഴിവാക്കി പുരോഗമന പ്രവർത്തനങ്ങളുമായി നായർ സമുദായം മുന്നോട്ട് ഗമിക്കുന്നത്.
സമുദായ പുരോഗതിയോടൊപ്പം തന്നെ നാടിൻ്റെ സാമൂഹിക വിഷയങ്ങളിലും ആവശ്യമായ സാഹചര്യങ്ങളിൽ വേണ്ടതായ ഇടപെടലുകൾ നടത്തിയ ചരിത്രവും എൻ.എസ്.എസിനുണ്ട് .,ഹൈന്ദവ സമുദായത്തിൻ്റെ നവോത്ഥാനത്തിനായി നടത്തിയ സമരരംഗങ്ങളിൽ എൻ.എസ്.എസ് നേതൃ സ്ഥാനത്തായിരുന്നു. വൈക്കം സത്യാഗ്രഹം, ഗുരുവായുർ സത്യാഗ്രഹം, എന്നിവ കേരള ചരിത്രരേഖകളിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട് .നവോത്ഥാന സമരങ്ങളിൽ മന്നത്ത് പത്മനാഭൻ്റെയും എൻ.എസ്.എസിൻ്റെയും സ്ഥാനം വിസ്മരിക്കാനാവാത്തതാണ്.
തിരുവിതാം കൂറിനെ സ്വതന്ത്ര രാജ്യമാക്കുവാൻ ദിവാൻ സി.പി രാമസ്വാമി അയ്യർ നടത്തിയ ശ്രമം പരാജയപെടുവാൻ പ്രധാന കാരണമായി തീർന്നത് മലബാറും, കൊച്ചിയും, തിരുവിതാംകൂറും ഒരുമിച്ച് കൊണ്ട് ഭാരത റിപ്പബ്ലിക്കിൻ്റെ ഭാഗമായി മാറണമെന്ന എൻ.എസ്.എസിൻ്റെ നിലപാടും സ്വതന്ത്ര തിരുവിതാംകൂറിനെതിരെ മന്നത്ത് പത്മനാഭൻ നടത്തിയ പോരാട്ടവുമാണ്.
വിദ്യാഭ്യാസ രംഗത്തും എൻ.എസ്.എസിൻ്റെ പ്രവർത്തനം സമൂഹത്തിൻ്റെ പ്രശംസയും, അംഗീകാരവും ഏറ്റ് വാങ്ങിയഒന്നാണ് . ജാതിക്കും മതത്തിനും ആത്യന്തികമായി സാധാരണക്കാരൻ്റെ മക്കൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന ആദർശത്തിലൂടെ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും മാതൃക സരസ്വതി കേന്ദ്രങ്ങളായി ഇപ്പോഴുo പ്രവർത്തിക്കുന്നത് അഭിമാനകരമാണ്. വിദ്യാഭ്യാസ രംഗത്ത് മാതൃക പരമായ പ്രവർത്തനങ്ങൾ നടത്തിയ സ്വകാര്യ മാനേജ്മെൻ്റുകൾക്ക് എതിരെ 1957 ൽ വിദ്യാഭ്യാസ ബില്ലിന് എതിരെ തൻ്റെ എൺപതാം വയസ്സിലും വിമോചന സമരത്തിന് നേതൃത്വം നല്കിയ മന്നത്തിൻ്റെ പ്രശസ്തി ഇന്നും നിലനിൽക്കുന്നു.
സമകാലിന കാലഘട്ടങ്ങളിലും സാമുഹിക വിഷയങ്ങളിൽ നിർഭയം നേരിടുന്ന ഒരു നേതൃത്വത്തിൻ്റെ കീഴിൽ ആണ് എൻ.എസ്.എസ് 2018ലെ ശബരിമല വിഷയത്തിൽ വിശ്വാസികളോടൊപ്പം ആദ്യം മുതൽ അവസാനം വരെ നിലകൊള്ളുന്ന ഒരു പ്രസ്ഥാനം എൻ.എസ്.എസ് മാത്രമാണെന്നത് ചരിത്രം തെളിയിച്ച സത്യമാണ്. മുന്നോക്ക സമുദായത്തിലെ പാവപെട്ടവർക്ക് നൽകേണ്ട സംവരണത്തിന് നേരെ രാഷ്ട്രീയ നേതൃത്വത്തങ്ങൾ തിരിഞ്ഞപ്പോൾ അതിനായി പരമോന്നത നീതി പീഠങ്ങളിൽ അടക്കം വേണ്ടതായ ഇടപെടലുകൾ നടത്തിയതും എൻ.എസ്.എസ് മാത്രമാണ് .
സംഘടന രംഗത്ത് പുത്തൻ ഉണർവേകി എൻ.എസ്.എസ് മുന്നോട്ട് പോകുന്നു. ആറായിരത്തോളം കരയോഗങ്ങളും അവയ്ക്ക് കീഴിൽ വനിത സമാജങ്ങളും , ബാല സമാജങ്ങളും,മാനവ വിഭവശേഷി വിഭാഗവും, ആദ്ധ്യാത്മിക പഠനകേന്ദ്രവും എൻ.എസ്.എസിൻ്റെ സംഘടനാ ശേഷി തെളിയിക്കുന്നവയാണ്. വനിത ശാക്തികരണത്തിനായി പത്തൊൻപതിനായിരത്തോളം സ്വയം സഹായ സംഘങ്ങളും. മുവായിരം കോടി രുപയുടെ ക്രയവിക്രയം നടത്തുന്ന വനിത സംഘങ്ങളുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെ “പത്മകഫേ “എന്ന പേരിൽ വെജിറ്റേറിയൻ ഹോട്ടലുകളടക്കം സംരംഭങ്ങൾ തുടങ്ങി വരുന്നു.
ഇതര സംഘടനകളിൽ നിന്ന് വിപരീതമായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും പ്രത്യേക മമത കാണിക്കാതെ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും പിൻന്തുണക്കുകയും അതോടൊപ്പം തെറ്റായ കാര്യങ്ങൾക്ക് എതിരെ അതേ നാണയത്തിൽ പ്രതികരിക്കുകയും ചെയ്യുന്ന സാമൂഹ്യനീതിക്കു ഉതകുന്ന നിലപാടാണ് ഇകാലയളവിൽ എൻ.എസ്.എസ് പുലർത്തിക്കൊണ്ടിരിക്കുന്നതെന്നും രാജ്യതാൽപര്യത്തോടൊപ്പം ആണ് എൻ.എസ്.എസ് .ഇന്ത്യ ചൈന യുദ്ധത്തിലും ,ഇന്ത്യ പാക്ക് യുദ്ധത്തിലും അത്രയേറെ വരുമാനം ഇല്ലെങ്കിലും ലക്ഷകണക്കിന് രൂപയും സ്വർണ്ണവും സംഭാവന ചെയ്ത ഈപ്രസ്ഥാനം സമീപകാലത്ത് പ്രളയ ദുരന്തത്തിലും, കോവിഡ് മഹാമാരിയിലും സർക്കാരിന് സഹായഹസ്തമേകി കൂടെ നിന്നു.
മന്നത്ത് പത്മനാഭൻ്റെ ആദർശ ദർശനങ്ങൾ കൃത്യമായ ദീർഘവീക്ഷണത്തോടെ പ്രസ്ഥാനത്തെ നയിക്കുന്ന ജനറൽ സെക്രട്ടറിയും എൻ.എസ് എസ് ഉം109 ആം വർഷത്തിലേക്ക് പ്രസ്ഥാനത്തെ അഭിമാനത്തോടെ നയിക്കുമ്പോൾ സമുദായത്തിനും സമൂഹത്തിനും കൂടുതൽ ഗുണഫലങ്ങൾ ഉണ്ടാകും എന്നുള്ളത് തീർച്ചയാണ്.

ലേഖകൻ
എൻ.കൃഷ്ണകുമാർ
പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ
സെക്രട്ടറി