ചിറ്റൂർ: ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയുടെ പൈലറ്റ് പദ്ധതിയായ തത്തമംഗലം വെള്ളപ്പന ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കതിൽ സമരമുഖം തുറന്ന് കോൺഗ്രസ്. ‘വഞ്ചനയുടെ അഞ്ചാണ്ട്’ എന്ന പേരിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ചിറ്റൂർ – തത്തമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തും. വെള്ളപ്പനയിൽ രാവിലെ 9 മുതൽ വൈകീട്ട് അഞ്ചു വരെ നടത്തുന്ന ഉപവാസം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 2017 മേയ് 28ന് അന്നത്തെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലനാണ്
പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിച്ചത്. ആ ചടങ്ങിൽ 2017-ലെ തന്നെ കേരളപ്പിറവി ദിനത്തിൽ ( നവംബർ ഒന്നിന് ) ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഞ്ചു വർഷം കഴിഞ്ഞും ഫ്ലാറ്റ് പദ്ധതി എവിടെയും എത്താതെ നിൽക്കുകയാണ്. ചിറ്റൂർ – തത്തമംഗലം നഗരസഭ യു. ഡി.എഫ്. ഭരിക്കുന്ന 2017 കാലത്ത് പ്രത്യേക യോഗം ചേർന്നുൾപ്പെടെ യുദ്ധകാലാടിസ്ഥാനത്തിൽ നഗര സഭ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്ത് സംസ്ഥാന സർക്കാരിനെ സ്ഥലം ഏൽപ്പിച്ചതാണ് . എന്നാൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം 66 കുടുംബങ്ങൾക്ക് കിട്ടേണ്ട വീടെന്ന അവകാശം ലഭിക്കാത്തതിനാൽ ഫ്ലാറ്റ് ലഭിക്കാൻ അർഹതയുള്ള കുടുംബങ്ങൾ അടച്ചുറപ്പില്ലാത്ത കുടിലുകളി കഴിയുകയാണ്. സർക്കാരിൻ്റെ കെടുകാര്യസ്ഥത മാറ്റി വെച്ച് വെള്ളപ്പന ഫ്ലാറ്റ് സമുച്ചയം ഉടൻ പണി തീർക്കണമെന്നാവശ്യപ്പെട്ടുള്ള സൂചന സമരം മാത്രമാണ് കേരളപ്പിറവി ദിനത്തിൽ നടത്തുന്ന ഉപവാസമെന്നും പൂർത്തിയാക്കൽ വൈകിയാൽ തുടർ സമരങ്ങൾക്ക് നേതൃത്വം നൽകാനും കോൺഗ്രസ് ചിറ്റൂർ – തത്തമംഗലം മണ്ഡലം കമ്മിറ്റി സംയുക്ത യോഗം തീരുമാനിച്ചു.