കൊപ്പം – വളാഞ്ചേരി റോഡ് പ്രവൃത്തി പൂർത്തിയായി

പട്ടാമ്പി: ഫേസ് ബുക്കിലെ കമൻ്റ് കാര്യമായെടുത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു. ഒക്ടോബർ 5ന് പാലക്കാട് എത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസ് അന്ന് രാവിലെ 8.15 ന് “ഇന്ന് പാലക്കാട് ജില്ലയില്‍” എന്ന് ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.
തുടർന്ന് നിരവധി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമൻ്റ് ബോക്‌സിൽ പ്രത്യക്ഷപ്പെട്ടു. അന്ന് വൈകുന്നേരം പാലക്കാട് ചേര്‍ന്ന യോഗത്തിൽ എല്ലാ നിര്‍ദ്ദേശങ്ങളും പരാതികളും മന്ത്രി പരിശോധിച്ചു. ഓരോ പരാതികളിലും നടപടി സ്വീകരിക്കാന്‍ കൃത്യമായ തീയ്യതി ഉദ്യോഗസ്ഥർക്ക് നിശ്ചയിച്ചു നല്‍കി.
കൊപ്പം – വളാഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന പരാതിയും അന്നത്തെ യോഗത്തിൽ പരിഗണിച്ചിരുന്നു. കൂടാതെ ഈ റോഡിൻ്റെ വിഷയം പാലക്കാട് ജില്ലയിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൊപ്പം – വളാഞ്ചേരി റോഡ് പ്രവൃത്തി പൂർത്തിയാക്കാൻ കൃത്യമായ സമയക്രമം നിശ്ചയിച്ചതും ഇരുപത് ദിവസത്തിനകം റോഡിൻ്റെ ബി.സി പ്രവൃത്തി പൂർത്തിയാക്കിയതും.
പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടൽ എല്ലാ റോഡിലും ഉണ്ടാവണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.