നെല്ലിയാമ്പതി: ഏലംപാടി തടയണ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി. പോത്തുണ്ടി ഡാമിൽ വെള്ളം എത്തിക്കുന്നതിനുള്ള ഏലംപാടി തടയണ പദ്ധതിയുടെ പ്രാഥമിക നടപടി ആരംഭിച്ച എങ്കിലും തുടർനടപടികൾ നീണ്ടുപോകുന്നതായി ആരോപിച്ചാണ് സമരം. നെല്ലിയാമ്പതി 100 അടി പുഴയിൽ തടയണ കെട്ടി തുരങ്കത്തിലൂടെ അണക്കെട്ടിലേക്ക് വെള്ളം തുറന്നു വിടുന്നതാണ് പദ്ധതി. ചാലക്കുടി പുഴയിലേക്ക് ഒഴുകുന്ന വെള്ളം തിരിച്ചുവിട്ട് കേശവൻ പാറയ്ക്ക് സമീപമുള്ള ചോലകളിലൂടെ പോത്തുണ്ടി അണക്കെട്ടിൽ എത്തിക്കും. പദ്ധതി നടപ്പാക്കുന്നതോടെ രണ്ടാം വിള കൃഷിയിൽ ഉണ്ടായേക്കാവുന്നഉണക്കു ഭീഷണി ഒഴിവാക്കാനാകും. നെന്മാറ, അയിലൂർ, മേലാർകോട്, വടക്കഞ്ചേരി, എരുമയൂർ, വണ്ടാഴി, എലവഞ്ചേരി പഞ്ചായത്തുകളിൽ ഉള്ളവർ കൃഷിക്കും ശുദ്ധജലത്തിനും ആശ്രയിക്കുന്ന ഏക പോംവഴി പോത്തുണ്ടി ഡാം വെള്ളമാണ്. പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ആർ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു രാധാകൃഷ്ണൻ, ബി. സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.