നെന്മാറ: നെന്മാറ വനം ഡിവിഷനു കീഴിലെ കൽച്ചാടി, ചള്ള ഭാഗങ്ങളിൽ കാട്ടാനയിറങ്ങി കമുക്, കുരുമുളക്, തെങ്ങ്, റബ്ബർ തൈകൾ എന്നിവയും റബ്ബർ മരങ്ങളിൽ മഴമറ സ്ഥാപിച്ച പ്ലാസ്റ്റിക് ഷീറ്റുകളും പറിച്ചു കളഞ്ഞു നശിപ്പിച്ചിട്ടുണ്ട്. വലിപ്പം കൂടിയ തെങ്ങുകളെ കുത്തി മറിച്ചിടാൻ ശ്രമിച്ചതിന്റെ ഭാഗമായി നിരവധി തെങ്ങുകളിൽ തോൽ നഷ്ടപ്പെട്ടിട്ടുണ്ട്, കമുകിൻ തോട്ടങ്ങളിലെ കമുകുകളെ ചവിട്ടി നശിപ്പിക്കുകയും തള്ളിയിടുകയും ചെയ്തിട്ടുണ്ട്. കുരുമുളക് പടർത്തിയ താങ്ങു വൃക്ഷങ്ങളും നാശം വരുത്തി. കൽച്ചാടിയിലെ കർഷകനായ അബ്ബാസ്, വേണുഗോപാലൻ, അബ്ദുൽ ഖാദർ തുടങ്ങിയവരുടെ കൃഷിസ്ഥലങ്ങളിലാണ് കഴിഞ്ഞദിവസം കാട്ടാന കൃഷിനാശം വരുത്തിയത്. ആനശല്യം രൂക്ഷമായതിനെ തുടർന്ന് ഈ കർഷകർ കൃഷിസ്ഥലങ്ങളിൽ മറ്റു വിളകൾ ഇറക്കുന്നത് നിർത്തിയിരിക്കുകയാണ്. നെല്ലിയാമ്പതി വനം റേഞ്ചിലെ തിരുവഴിയാട് സെക്ഷനിൽപ്പെട്ട കൽച്ചാടി വനമേഖലയിൽ നിന്നാണ് കാട്ടാനകൾ രാത്രി സമയങ്ങളിൽ കൃഷിയിടങ്ങളിൽ എത്തുന്നത്. അതിരാവിലെ റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികൾ ആനകളെ കാണുന്നത് പതിവായതിനാൽ റബ്ബർ ടാപ്പിംഗ് തടസ്സപ്പെടുന്നതായി കർഷകർ പരാതിപ്പെടുന്നു. വനമേഖലയോട് ചേർന്ന് വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വൈദ്യുത വേലി കാര്യക്ഷമമായി പ്രവർത്തിക്കാത്തതും പുഴയോട് ചേർന്ന ഭാഗങ്ങളിൽ വൈദ്യുതവേലി ഉയരത്തിൽ സ്ഥാപിച്ചതുമാണ് കാട്ടാനങ്ങൾ വനമേഖലയിൽ നിന്ന് അകലെയുള്ള കൃഷിസ്ഥലങ്ങളിൽ എത്തുന്നതിന് കാരണമെന്ന് കർഷകർ പറയുന്നു.