മലമ്പുഴ: മാലിന്യ പരിപാലനവും ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കലും ഊർജ്ജിതമാക്കി, പഞ്ചായത്തുകളുടെ സമ്പൂർണ്ണ ശുചിത്വം, വലിച്ചെറിയൽ വിമുക്ത കേരളം.. ശുചിത്വ കേരളം തുടങ്ങിയ ലക്ഷ്യപ്രാപ്തിക്കായി കൂടുതൽ കരുത്തോടെ മുന്നിട്ടിറങ്ങാൻ തയ്യാറായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് . . മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ പ്പെടുന്ന മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ്, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിലെ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള കർമ്മ പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റിന്റെ ചേംബറിൽ പ്രത്യേക ശുചിത്വ യോഗം ചേർന്നു. “കരുത്തുറ്റ ഹരിത കർമ്മസേന.. മികവുറ്റ മാലിന്യ പരിപാലനം ” , ” ഒറ്റ ത്തവണ ഉപയോഗ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത്,” “ശുചിത്വ ഗ്രാമം.. സുന്ദര ഗ്രാമം” തുടങ്ങിയ സന്ദേശങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ എത്തിക്കുന്നതിനായി ബൃഹത്തായ ബോധവൽക്കരണം നടത്തും. ആദ്യം പഞ്ചായത്ത് തലത്തിൽ മുഴുവൻ ജന പ്രതിനിധികൾക്കും സി.ഡി.എസ്/ എ.ഡി. സ് അംഗങ്ങൾ തുടങ്ങിയവർക്കായി “ശുചിത്വ… സാമൂഹ്യ അവബോധന ” ശിൽപ്പശാല നടത്തും. തുടർന്ന് വാർഡ് തലത്തിലും പിന്നീട് ക്ലസ്റ്റർ തലത്തിലും ബോധവൽക്കരണം നടത്തും. സർക്കാർ ഓഫീസുകളിലും , പൊതുമേഖല…. സ്വകാര്യ സ്ഥാപനങ്ങളിലും വിവിധ യോഗങ്ങളിലും ചടങ്ങുകളിലും ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കും. പഞ്ചായത്തുകളിലെ ശുചിത്വ പ്രവർത്തനങ്ങൾ ശാസ്ത്രീയവും മാതൃകാപരവുമായി നിർവ്വഹിക്കൽ മാസം തോറും വിലയിരുത്തും. കഴിഞ്ഞ മാസങ്ങളിൽ മാതൃകാപരമായ വ്യത്യസ്ത പരിപാടികൾ മലമ്പുഴ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ ആരംഭിച്ചിട്ടുള്ളതായും യോഗത്തിൽ വിലയിരുത്തി. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പടുത്തലും ശുചിത്വവും എന്നത് സംബന്ധിച്ച് സവിശേഷാൽ ചർച്ചയും നടന്നു. ബന്ധപ്പെട്ട മുഴുവൻ പേരുടേയും പങ്കാളിത്തം ഉറപ്പാക്കി ഹരിത സംഗമം വിപുലമായി നടത്താനും തീരുമാനിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് . വി. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇന്ദിര. എൽ., ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ശോഭന. ആർ., ബി.ഡി.ഒ. നാരായണൻകുട്ടി, ജി.ഇ.ഒ. എം.വി.ബിജു,ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ, സീനിയർ ക്ലാർക്ക് മനോജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.