പട്ടാമ്പി : ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷത്തിലെ എസ് സി വനിതകൾക്ക് ഓട്ടോറിക്ഷ നല്കുന്ന ‘ഷീ ഓട്ടോ’ പദ്ധതിയിൽ അനുവദിച്ച ഓട്ടോയുടെ താക്കോൽ ദാനം പ്രസിഡന്റ് പി ടി മുഹമ്മദ് കുട്ടി നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി എം ഫിറോസ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈമ ഉണ്ണികൃഷ്ണൻ, വ്യവസായ വികസന ഓഫീസർ കെ ബൈജു, ബിഡിഒ എ കെ സരിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ എ റഷീദ്, പി കെ ബഷീർ, എം കെ മുഹമ്മദ്, വി സൈതാലി, ഗീത മണികണ്ഠൻ, പി പ്രസന്ന, കെ എ സരിത, പി പി ഉണ്ണികൃഷ്ണൻ, ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
മുപ്പത്തിയേഴുകാരിയായ കരിങ്ങനാട് കുറുവൻതൊടി കാർത്തിക നിവാസിൽ സന്തോഷ് കുമാർ ഭാര്യ സിന്ധുവിനാണ് ഓട്ടോ കൈമാറിയത്. 2017 മുതൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ സിന്ധുവിന് മൂന്നു മക്കളാണ്. നിർധന കുടുംബമാണ്. ‘ഷീ ഓട്ടോ’ പദ്ധതിയിലൂടെ ഓട്ടോ ലഭ്യമായതിന്റെ സന്തോഷത്തിലാണ് സിന്ധുവും കുടുംബവും.