ആദിവാസി കലകളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം: സൗഹൃദം ദേശീയ വേദി

–പി.വി.സഹദേവൻ —
പാലക്കാട്: ആത്മാവിന്റെ കലയായ ആദിവാസി കലകളെ ശാശ്വതമായി സംരക്ഷിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്ന് സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു. ആദിവാസി കലകളെ അസ്തമനത്തിൽ നിന്നും രക്ഷിക്കാൻ ഈ കലകളെ സ്കൂൾ കലോൽസവത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് 22 വർഷം തികയുന്നു. പാലക്കാട് നടന്ന രണ്ടായിരാം ആണ്ടിലെ കലോൽസവത്തിൽ ഘോഷയാത്രയുടെ ഭാഗമാകാനും സ്റ്റേജിൽ പ്രദർശന ഇനമായി അവതരിപ്പിക്കാനും അട്ടപ്പാടിയിലെ ആദിവാസി നൃത്തത്തിന് അവസരം ലഭിച്ചു.

അട്ടപ്പാടി ആദിവാസി ഹൈസ്കൂളിലെ കുട്ടികൾക്കാണ് ഇതവതരിപ്പിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത്. സംസ്ഥാനത്തെ ആദിവാസി കലകളെ സ്കൂൾ കലോൽസത്തിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ആദിവാസി സ്കൂളിലെ അന്നത്തെ പി.ടി.എ. പ്രസിഡന്റും ഹെഡ് മാസ്റ്ററും ചേർന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫിന് നിവേദനം നൽകി. അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന പി.വി. സഹദേവൻ ഇതേ ആവശ്യം ഉന്നയിച്ചും ആദിവാസി മേഖലകളിൽ ഗോത്രകലാ മണ്ഡലം തുടങ്ങണമെന്നും ആ വശ്യപ്പെട്ട് 22 വർഷമായി തുടർ നിവേദനങ്ങൾ നൽകി വരികയാണ്.

ഗോത്ര കലകളെ സ്കൂൾ കലോൽസവത്തിൽ ഉൾപ്പെടുത്തണമെന്നുള്ള ആവശ്യം2008 ൽ പരിഗണിച്ചുവെങ്കിലും ഏകീകൃതമായി ജഡ്ജസിനെ കിട്ടാനുള്ള സാങ്കേതിക പ്രശ്നം പറഞ്ഞ് കലോൽസവ മാനുവൽ പരിഷ്ക്കരണ വിഭാഗം ഇതിൽ നിന്നും പിൻമാറിയത് തിരിച്ചടിയായി. സംസ്കൃത.. അറബിക് കലോൽസവം പോലെ പ്രത്യേകമായെങ്കിലും ആദിവാസി കലകളെ സ്കൂൾ കലോൽസവത്തിന്റെ ഭാഗമാക്കണമെന്നുള്ള ആവശ്യവും രണ്ടു ദശാബ്ദത്തിലേറെയായിട്ടും പരിഗണിച്ചിട്ടില്ല. ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി വായ്മൊഴിയായി പകർന്നുകിട്ടിയ കലകളിൽ ആദിവാസി നൃത്തവും പാട്ടുമാണ് ഇന്ന് നിലനിൽക്കുന്നത്. ഇതിലൊന്നാണ് നഞ്ചിയമ്മയിലൂടെ പുറം ലോകം അറിഞ്ഞത്. നഞ്ചിയ മയ്ക്ക് ലഭിച്ച അവസരവും പുരസ്കാരങ്ങളും ആദിവാസി കലകൾക്ക് പ്രചോദനവും ഈ കലകൾ പൂർണ്ണമായും മൺ മറഞ്ഞ് പോകാതിരിക്കാൻ വലിയ അനുഗ്രഹവുമായി.

വരും തലമുറയ്ക്ക് ഇതിനിയും അന്യമാകാതിരിക്കാനും മൺമറഞ്ഞുപോയ പുരാതന കൂത്തുകൾ പോലുള്ള കലകളെ പുനരുജ്ജീവിപ്പിക്കാനും ഗോത്ര കലാമണ്ഡലങ്ങളും മറ്റു പഠന കേന്ദ്രങ്ങളും ഉടൻ ആരംഭിക്കുന്നതിനും ആദിവാസികലാ ട്രൂപ്പുകൾ രൂപീകരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന.. പ്രാദേശിക സർക്കാരുകളോടും കേന്ദ്ര സർക്കാരിനോടും ആദിവാസി കലകളെ 2023 ലെ കലോൽസവം മുതൽ സ്കൂൾ കാലാൽസവത്തിന്റെ ഭാഗമാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ആദിവാസി ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്റർ കൂടിയായ സൗഹൃദം ദേശീയ വേദി പ്രസിഡന്റ് പി.വി. സഹദേവൻ, സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, ട്രഷറർ മണികണ്ഠൻ എന്നിവർ ആവശ്യപ്പെട്ടു.