യുദ്ധവിരുദ്ധ സംഗമവും ദണ്ഡിയാത്ര അനുസ്മരണവും

പാലക്കാട്: യുദ്ധം ലോകത്ത് ദുരന്തം വിതയ്ക്കുകയാണെന്നും അത് മാനവരാശിക്കും സമസ്ത ജീവജാലങ്ങൾക്കും ഭീഷണിയായി തീർന്നിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ യുദ്ധം ഉടൻ നിർത്തണമെന്നും ആവശ്യപ്പെട്ട് കലാസാഹിത്യ പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്ത് വന്നു. പാലക്കാട് സുൽത്താൻ പേട്ടയിലെ പബ്ലിക് ലൈബ്രറിയിൽ സൗഹൃദം ദേശീയ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യുദ്ധ വിരുദ്ധ സംഗമത്തിലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ ദണ്ഡി യാത്രാ അനുസ്മരണത്തിലും ഒത്തുചേർന്നാണ് ജില്ലയിലെ കലാ സാഹിത്യകാരൻമാർ യുദ്ധത്തിനെതിരായും സമാധാനത്തിന് വേണ്ടിയുമുള്ള വക്താക്കളായത്. അനേകം ജീവനുകൾ നഷ്ടപ്പെടുത്തുകയും, കുടുംബങ്ങളെ തകർക്കുകയും, അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ച് ദാരിദ്ര്യവും പട്ടിണിയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന യുദ്ധത്തിനെതിരേയുള്ള മാനവിക ഐക്യത്തെ അവർ ഉദ്ബോധിപ്പിച്ചു. സമാധാനവും ഐക്യവും തകർക്കുന്ന യുദ്ധം ജനങ്ങളിൽ ഭയവും വെറുപ്പും വളർത്തുകയും തലമുറകളോളം നീളുന്ന മാനസിക ആഘാതങ്ങൾ ഏൽപ്പിക്കുകയും ചെയ്യുന്നു.

2026 മാർച്ചിന്റെ തുടക്കത്തിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വൻ ആക്രമണം ആരംഭിച്ചതിനെ തുടർന്നുള്ള യുദ്ധത്തിൻ്റെ ഫലമായി അനേകം നിരപരാധികൾ തുടർച്ചയായി കൊല്ലപ്പെടുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഇതിനോടകം 750-ലധികം പേർ കൊല്ലപ്പെടുകയും ടെഹ്‌റാനിലെ ഭരണസിരാകേന്ദ്രങ്ങൾ തകരുകയും ചെയ്തു. ഇറാൻ ഗൾഫ് രാജ്യങ്ങളിലെ സുപ്രധാന കേന്ദ്രങ്ങൾക്കുനേരെ മിസൈൽ ആക്രമണങ്ങളിലൂടെ തിരിച്ചടിച്ചു. സ്രയേലിന്റെയും യുഎസിന്റെയും നടപടികളെത്തുടർന്നാണ് പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷാവസ്ഥ നിലനിൽക്കുന്നത്.

അമേരിക്കയും ഇസ്രയേലും തങ്ങളുടെ പരമാധികാരം അംഗീകരിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്താൽ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി യുദ്ധം അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നും നമ്മുടെ ഇന്ത്യാ മഹാ രാജ്യം നേതൃത്വം നൽകണമന്നും സൗഹൃദം ദേശീയ യുദ്ധ വിരുദ്ധ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .1930-ൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പു സത്യാഗ്രഹം (ദണ്ഡി മാർച്ച്), ബ്രിട്ടീഷ് ഭരണത്തിനെതിരായ അഹിംസാത്മകമായ നിയമലംഘന സമരത്തിലെ ഒരു നിർണ്ണായക വഴിത്തിരിവായിരുന്നുവെന്നും ജാതിമതഭേദമെന്യേ ജനങ്ങളെ ഒന്നിപ്പിച്ച , ദേശീയ ഐക്യം ഊട്ടി ഉറപ്പിച്ച സമരമായിരുന്നു ഉപ്പു സത്യാഗ്രഹമെന്നും ഇന്ത്യക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ബ്രിട്ടീഷുകാരുടെ അടിത്തറ ഇളക്കുകയും ചെയ്ത ദേശീയ സമരമായിരുന്നു ഇതെന്നുമുള്ള വസ്തുതകൾ കൂട്ടായ്മ ചർച്ച ചെയ്തു . ഈ മാസം പ്രസിദ്ധീകരിക്കുന്ന, പി.വി. സഹദേവൻ രചിച്ച “മാതൃരോദനം ” എന്ന നാടകത്തിൻ്റെ കവർ പ്രകാശനവും നടന്നു. ഗാന്ധിയനും കലാ.. സാഹിത്യകാരനുമായ ഗുരുജി ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. സൗഹൃദം ദേശീയ വേദി ജില്ലാ പ്രസിഡൻ്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. നാടക കലാകാരൻമാരായ സുനിൽ കല്ലേപ്പുള്ളി , ഗോപാലകൃഷ്ണൻ. എസ് എന്നിവർ ചേർന്ന് നാടക പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു. പ്രശസ്ത കലാ കായിക താരമായ ഡോ. പി. സി . ഏലിയാമ്മ മുഖ്യ പ്രഭാഷണം നടത്തി. അക്ബർ ബാദുഷ . എച്ച്., ഖാദർ മൊയ്തീൻ .കെ , സുഭാഷ് കുമാർ . എം . സുന്ദരൻ മുല്ല യ്ക്കൽ, .മോഹൻ രാജ്. വി .,ഫാത്തിമ ടീച്ചർ , ആൻ്റണി റോബർട്ട്, ജോസ് ചാലക്കൽ, ടി. എൻ . ചന്ദ്രൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. യുദ്ധവും സമാധാനവും പ്രമേയമാക്കിയുള്ള മാസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച”മുറിവുകൾ” എന്ന നാടകത്തിൻ്റെ അവലോകനവും നടന്നു. യുദ്ധത്തെ ക്കുറിച്ചുള്ള ഉൽക്കണ്ഠയും ഭയവും യുദ്ധത്തിൻ്റെ ഹേതുവും യുദ്ധം മൂലമുള്ള കൊടിയ ദുരന്തത്തിൻ്റെ നോവും വിവിധ രംഗങ്ങളിലൂടെ അതരിപ്പിച്ച് സമാധാനത്തിൻ്റെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ നാടകം. പി..വി. സഹദേവൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ നാടകത്തിൽ സംവിധായകനെ കൂടാതെ ഗോപാലകൃഷ്ണൻ. എസ്, ഗോകുൽദാസ് . എൻ., ശശികുമാർ . ജി എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും സതീഷ് അണ്ണാമലൈ സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തു. ഈ നാടകത്തിൻ്റെ സാമൂഹികവും കാലികവുമായ പ്രസക്തി വളരെ വലുതാണെന്നും വില യിരുത്തിയ കൂട്ടായ്മ ലോക സമാധാനത്തിന് ലോക രാജ്യങ്ങൾ ഗാന്ധിമാർഗ്ഗത്തിൽ മുന്നോട്ടു പോകണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

jose-chalakkal