ജെന്നി മാർക്സിനെയും, വി.ടി.ഭട്ടതിരിപ്പാടിനെയും സൗഹൃദം ദേശീയ വേദി അനുസ്മരിച്ചു

പാലക്കാട്: ഫെബ്രുവരി 12 – കാറൽ മാർക്സിന്റെ പത്നിയായ ജെന്നി മാർക്സിന്റെ ജന്മദിനവും സാമൂഹ്യ പരിഷ്കർത്താവായ വി.ടി ഭട്ടതിരിപ്പാടിന്റെ ചരമദിനവും ആയിരുന്നു. ഈ രണ്ടു മഹദ്‌വ്യക്തികളെയും അനുസ്മരിച്ചുകൊണ്ടുള്ള ‘സ്മൃതിസംഗമം ‘ സൗഹൃദം ദേശീയ വേദിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറിയിൽ വെച്ച് സംഘടിപ്പിച്ചു.

പ്രണയവിശുദ്ധിയുടെയും സമർപ്പിതത്യാഗത്തിന്റെയും പര്യായമായിരുന്നു ജെന്നി. പ്രഭു കുടുംബത്തിൽ ജനിച്ച് ദാരിദ്ര്യത്തെ വരിച്ച് നാലു മക്കളുടെ മരണത്തിന് സാക്ഷിയായിട്ടും ഭർത്താവായ കാറൽ മാർക്സിന്റെ ലക്ഷ്യങ്ങൾക്ക് പിന്തുണ നിന്ന ജെന്നി അനന്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. കേരളീയ നവോത്ഥാനത്തിന് പുതിയ ദിശാബോധം പകർന്ന സാമൂഹ്യ പരിഷ്കർത്താവായിരുന്നു വി.ടി.ഭട്ടതിരിപ്പാട്.

സ്വസമുദായത്തിലെ ദുഷ്കൃത്യങ്ങൾക്കെതിരെ നിലപാടെടുക്കുകയും സ്ത്രീവിദ്യാഭ്യാസത്തിനും മുന്നേറ്റങ്ങൾക്കും ചുക്കാൻ പിടിക്കുകയും, സ്ത്രീകളെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് കൊണ്ടുവരാൻ യത്നിക്കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു വി.ടി. എന്നിപ്രകാരം കവികൾ, കഥാകൃത്തുക്കൾ, നാടക കലാകാരൻമാർ , സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവരുൾപ്പെട്ട സമ്മേളനം വിലയിരുത്തി. പുരോഗമനത്തിൻ്റേയും നവോത്ഥാനത്തിൻ്റേയും നാടായ കേരളത്തെ ചൊല്ലി അഭിമാനം കൊള്ളുമ്പോൾ തന്നെ സാമൂഹ്യ ജീർണ്ണതയുടെ ഭൂതകാലത്തേക്ക് പിൻനടത്തം തുടങ്ങിയിട്ടുണ്ടോ എന്ന് യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി. അതിനാൽ തന്നെ കലാ സാഹിത്യ രംഗത്തു പ്രവർത്തിക്കുന്നവരുടെ സാമൂഹ്യ ഉത്തരവാദിത്തം വർധിച്ചിരിക്കയാണെന്നും യോഗം ഓർമ്മപ്പെടുത്തി. പി.വി.സഹദേവൻ രചിച്ച മാതൃരോദനം എന്ന നാടകം ജെന്നി മാർക്സിന്റെ ത്യാഗപൂർണ്ണമായ ജീവിതം അനാവരണം ചെയ്യുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഒരു തീയാടി പെൺകുട്ടി പകർന്നു കൊടുത്ത അക്ഷരവിദ്യയെ അഥവാ വിദ്യാഭ്യാസത്തെ സാമൂഹ്യനവോത്ഥാനത്തിനുള്ള ഊർജ്ജസ്രോതസ്സായി വിലയിരുത്തുന്ന വി.ടി. നവോത്ഥാന നായകന്മാരിൽ അഗ്രഗണ്യനാണ്. ലോകത്തിലെ പട്ടിണിപ്പാവങ്ങളുടെ മോചനത്തിനായി മാർക്സിനൊപ്പം പോരാടിയ ; കൊടിയ പട്ടിണിയിലും , രോഗത്തിൻ്റെ അതി കാഠിന്യത്തിലും വലിയ സഹനത്തിലൂടെ മാർക്സിനെ അദ്ദേഹത്തിൻ്റെ മാർക്സിസത്തിലേക്ക് മുന്നോട്ട് നയിച്ച ധീര വനിതയായിരുന്നു ജെന്നി.

കമ്യൂണിസ്റ്റ് യോഗങ്ങൾ സംഘടിപ്പിക്കുന്നതിന് , അഭയാർത്ഥികൾക്ക് അഭയവും ആശ്വാസവും നൽകുന്നതിന് , ഭർത്താവിൻ്റെ ദാർശനികവും സാമ്പത്തികവുമായ കൃതികൾ നിർമ്മിക്കാൻ സഹായിക്കുന്നതിന് ജെന്നി തൻ്റെ ഊർജ്ജം അക്ഷീണം ചെലവഴിച്ചു. ജെന്നി മാർക്സിന്റെ പ്രവർത്തനങ്ങൾ വർഗസമരത്തോടൊപ്പം സ്ത്രീവിമോചനത്തിന്റെ കൂടി ഭാഗമായിരുന്നു. നാടക നിരൂപകയും ആയിരുന്നു അവർ. ഏഴ് കുട്ടികളിൽ നാല് കുട്ടികളുടെ മരണം കാണേണ്ടി വന്നിട്ടും ലോകത്തിൻ്റെ വലിയ ലക്ഷ്യത്തിനായുള്ള ജെന്നിയുടെ സഹനം തീരാനോവിൻ്റെ വിപ്ലവ ചരിത്രമാണ്. ജെന്നിയുടെ ജീവിതം പറയുന്ന ‘മാതൃരോദനം’ എന്ന നാടകം പുസ്തകമായി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. സ്മൃതി സംഗമത്തിൻ്റെ ഉദ്ഘാടനം കവി രവീന്ദ്രൻ മലയങ്കാവ് നിർവ്വഹിച്ചു. സൗഹൃദം ദേശീയ വേദി പ്രസിഡൻ്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. ഗുരുജി ഗുരുവായൂരപ്പൻ മുഖ്യ പ്രഭാഷണം നടത്തി. സുഭാഷ് കുമാർ . എം , ജയൻ അക്ഷരകല, സുനിൽ കല്ലേപ്പുള്ളി, അശോകൻ രാജീവം , കാദർ മൊയ്തീൻ .കെ , അക്ബർ ബാദുഷ. എച്ച് , ഹരി കൊടുന്തിരപ്പുള്ളി , സിനി അശോക് , ഫാത്തിമ ടീച്ചർ , മോഹൻ രാജ് . സി. എന്നിവർ പ്രസംഗിച്ചു. കവിയരങ്ങും നടന്നു.

jose-chalakkal