പാലക്കാട്: വരാനിരിക്കുന്ന അസംബ്ലി തെരഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിക്കൂട്ടിയ ഒരു “ന്യൂ നോർമൽ ബജറ്റാണ് ” ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കേരള പഞ്ചായത്ത് പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് എ.കെ. സുൽത്താൻ കുറ്റപ്പെടുത്തി. ക്ഷാമബത്താ കുടിശ്ശികയായി അഞ്ചു ഗഡു അതായത് 13% പന്ത്രണ്ട് ലക്ഷത്തോളം വരുന്ന സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാൻ ഒരു ലക്ഷം കോടി രൂപ വേണ്ടി വരുമെന്ന് വ്യക്തമായി അറിയാവുന്ന സർക്കാർ ഒരു ഗഡു ഫിബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പവും ബാക്കി മാർച്ച് മാസത്തിലും കൊടുത്ത് തീർക്കുമെന്നാണ് പറയുന്നത്.
വൈകിയ വേളയിൽ സംസ്ഥാന ജീവനക്കാരോട് ആത്മാർത്ഥതയും കൂറുമുള്ള സർക്കാരായിരുന്നുവെങ്കിൽ സമയബന്ധിതമായി ക്ഷാമബത്ത നൽകുമായിരുന്നു. അനവധി നിരവധി സമരങ്ങൾ നടത്തിയിട്ടും ക്ഷാമബത്ത അനുവദിച്ചു തരാത്തതിൻ്റെ പേരിൽ സുപ്രീം കോടതിയെ സമീപിച്ചച്ചോൾ, ക്ഷാമബത്ത ഔദാര്യമല്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയ സർക്കാറാണ് ഈ കപട നാടകം കളിക്കുന്നത്. ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിച്ച് മൂന്നു മാസത്തെ കാലാവധി നിശ്ചയിച്ചത് വരാനിരിക്കുന്ന അടുത്ത സർക്കാർ നടപ്പാക്കുന്നതിന്നു വേണ്ടി അവരുടെ തലയിൽ വെച്ചു കൊടുത്തിരിക്കുകയാണെന്ന കാര്യം വ്യക്തമാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നാൽ സ്റ്റാറ്റ്യൂറ്ററി പെൻഷൻ നടപ്പാക്കുമെന്ന വാഗ്ദാനം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇപ്പോൾ “അഷ്വേർഡ് പെൻഷൻ” നൽകുമെന്ന് പറയുന്നത്. ഇതിൽ ജീവനക്കാർക്ക് ആശങ്കയുണ്ടു്. ഇത്രയും വൈകിയ വേളയിൽ ശമ്പള പരിഷ്ക്കരണ കമ്മീഷനെയല്ലാ സർക്കാർ നിയമിക്കേണ്ടിയിരുന്നത് പകരം ശമ്പളം പരിഷ്ക്കരിച്ച് ഉത്തരവ് ഇറക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ക്ഷേമ പെൻഷൻ2500 രൂപയാക്കി വർദ്ധിപ്പിക്കുമെന്നാണ് പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് 1600 രൂപയുണ്ടായിരുന്നത് 2000 രൂപയാക്കി വർദ്ധിപ്പിച്ചിട്ടും അതിൻ്റെ ഗുണം തെരഞ്ഞെടുപ്പി’ൽ ലഭിക്കാത്തതിൻ്റെ ദേഷ്യം തീർത്തതാണോ ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാതിരുന്നതെന്നും സംശയിക്കുന്നതായും സുൽത്താൻ പറഞ്ഞു.
എ.കെ. സുൽത്താൻ
9447621686

