–ജോസ് ചാലക്കൽ – –
മലമ്പുഴ: മലമ്പുഴ ജനമൈത്രി പോലീസിന് ബിഗ് സല്യൂട്ട് നൽകുകയാണ് മലമ്പുഴക്കാർ പ്രത്യേകിച്ച് ആനക്കൽ ട്രൈബൽ കോളനിക്കാർ. കാരണം തങ്ങളുടെ കൂട്ടത്തിലൊരാൾ വിനു ഇപ്പോൾ പാലക്കാട് കസബ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. ഇതിന് നിമിത്തമായത് മലമ്പുഴ ജനമൈത്രി പോലീസ്.
2024 ൽ മലമ്പുഴ സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്നു സുജിത്തിന്റെ മനസ്സിൽ തോന്നിയ ഒരു ആശയമായിരുന്നു ആനക്കൽ ട്രൈബൽ കോളനിക്കാർക്കു വേണ്ടി സൗജന്യമായി ഒരു പി എസ് സി കോച്ചിങ്ങ് സെന്റർ ആരംഭിക്കുക എന്നത്. സഹപ്രവർത്തകരുടേയും സുമനസുകളുടേയും പിന്തുണയും സഹകരണവും ലഭിച്ചതോടെ 2024 നവംബർ ഒന്നിനു കേരള പിറവി ദിനത്തിൽ
” ലക്ഷ്യം വരെ മുന്നോട്ട് ” എന്ന പേരിൽ ക്ലാസ് ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും മുടക്കു ദിവസങ്ങളിലുമായിരുന്നു ക്ലാസ്. സുമനസ്സുകളായ അധ്യാപകരും പോലീസുകാരുo മറ്റ് ഉദ്യോഗസ്ഥരുമാണു് സൗജന്യമായി ക്ലാസെടുക്കുന്നത്. ആദ്യ ബാച്ചിൽ പത്തു പേർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ നാൽപതു പേരുണ്ട്. സഹോദരി സഹോദരന്മാർ, ഭാര്യാ ഭർത്താക്കൻമാർ, പിഞ്ചു കുട്ടികളേയും കൊണ്ട് വരുന്ന അമ്മമാർ എന്നിങ്ങനെ പഠിതാക്കൾ കൂടി കൊണ്ടിരിക്കയാണ്. പഠിതാക്കൾക്കുള്ള ബിസ്ക്കറ്റ്, ജൂസ്, ചായ, കടി, എന്നിവ പോലീസുകാർ ഉൾപ്പെടെ സുമനസ്സുകൾ സ്പോൺസർ ചെയ്യുന്നു.
ഇൻസ്പെക്ടർ സുജിത്ത് മലമ്പുഴ സ്റ്റേഷനിൽ നിന്നും പാലക്കാട് കസബ സ്റ്റേഷനിലേക്ക് മാറിയെങ്കിലും ജനമൈത്രി പോലീസ് ബീറ്റ് ഓഫീസറായ രമേഷിന്റേയും സഹപ്രവർത്തകരുടേയും നേതൃത്വത്തിൽ മാറി വരുന്ന ഇൻസ്പെക്ടർമാരുടെ പൂർണ്ണ പിന്തുണയോടെ ഇപ്പഴും ക്ലാസ് തുടർന്നു കൊണ്ടിരിക്കുന്നു. ആദ്യ ബാച്ചിലെ പഠിതാവായ വിനുവിനാണ് ഇപ്പോൾ പാലക്കാട് കസബ സ്റ്റേഷനിൽ നിയമനം ലഭിച്ചത്. എന്നാൽ തന്റെ ജോലിക്ക് പി എസ് സിപഠനം തുടങ്ങാൻ കാരണമായ മലമ്പുഴ ഇൻസ്പെക്ടറായിരുന്ന സുജിത്താണ് പാലക്കാട് കസബ സ്റ്റേഷനിലെ ഇൻസ്പെക്ടർ എന്നതിൽ ഇരട്ടി മധുരമാണ് വിനുവിന്. ഇനി -സി ഐ സുജിത്തിന്റെ കീഴിൽ ജോലിയിലെ പരിശീലനം വിനു തുടരും. പി എസ് സി ലീസ്റ്റിൽ അഞ്ചു പേർ കൂടി ഇടം പിടിച്ചീട്ടുണ്ടെന്നതും അഭിമാനാക്കാവുന്ന നേട്ടമാണെന്നും ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ രമേഷ് പറഞ്ഞു.
ഫോട്ടോ: പാലക്കാട് കസബ സ്റ്റേഷനിൽ ഇൻസ്പെക്ടർ സുജിത്തിനോടൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർ വിനു.

