ഇരുപതേക്കറോളം വരുന്ന 350 ഓളം ജൈവ വൈവിധ്യത്തിലുള്ള സസ്യങ്ങൾ ഉൾപ്പെടുന്ന, 60% ത്തോളം ഹരിതാവരണമുള്ള പാലക്കാട് നഗര ഹൃദയത്തിലെ – പാലക്കാട് കോട്ട, ചുറ്റുമുള്ള ഉദ്യാനങ്ങൾ, കോട്ടമൈതാനം എന്നിവ അടങ്ങുന്ന പ്രദേശത്തുള്ള വൃക്ഷ വൈവിധ്യത്തെ എടുത്തു കാട്ടുന്ന ‘ട്രീ വാക് ഇൻ ആൻഡ് അറൗണ്ട് ദി ഫോർട്ട്’ എന്ന ബോധവത്കരണ പരിപാടി പൈതൃക സംരക്ഷണ സന്നദ്ധസംഘടനയായ ഇന്റാക്ക് സംഘടിപ്പിച്ചു. മേഴ്‌സി കോളേജ് ബോട്ടണി വിഭാഗം അധ്യാപികയും ഗവേഷകയും ആയ ഡോ. രേഖ വാസുദേവന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നാൽപ്പതിൽപരം പേർ പങ്കെടുത്തു. അമ്പതിലധികം ഇനങ്ങളും മുന്നറ്റമ്പതിലധികം വൃക്ഷങ്ങളും ഉള്ള പ്രദേശത്തെ ഇരുപതു വൃക്ഷങ്ങളെ തിരഞ്ഞെടുത്തായിരുന്നു പരിപാടി നടന്നത്. തദ്ദേശീയവും അല്ലാത്തതുമായ ഇവയുടെ അദ്ഭുതകരമായ ലോകത്തെ അവതരിപ്പിക്കുന്നതിലൂടെ ഡോക്ടർ രേഖ പാലക്കാടിന്റെ ഈ ‘ഹരിത ഹൃദയം’ സംരക്ഷിക്കുന്നതിന്റെയും – അടയാളപ്പെടുത്തുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. കോട്ടക്കകത്തുള്ള മുത്തശ്ശിയാൽമരത്തിൽ നിന്നായിരുന്നു തുടക്കം എങ്കിൽ രാപ്പാടി ഓഡിറ്റോറിയത്തിന് സമീപമുള്ള കൂറ്റൻ ഇലിപ്പ വൃക്ഷത്തിന് സമീപത്തായിരുന്നു പരിപാടിയുടെ സമാപനം. ഇന്റാക് പാലക്കാട് ഘടകം കൺവീനർ സനുഷ യൂ എസ, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് സെക്രട്ടറി അഡ്വ. ലിജോ പനങ്ങാടൻ എന്നിവർ സംഘത്തോട് സംസാരിച്ചു.

