കല്ലടിക്കോട്: കരിമ്പപഞ്ചായത്ത് മുതുകാട് പറമ്പ് വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന വയോധികയെ തീ കത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ഹംസയുടെ ഭാര്യ അലീമ (73) ആണ് മരിച്ചത്. കല്ലടിക്കോട് പൊലിസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട് . തിങ്കളാഴ്ച്ച രാത്രിയോടെയാണ് സംഭവം. വയോധികയെ രണ്ട് ദിവസത്തോളമായി വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള ഇവർ വൈദ്യുതിയില്ലാത്ത ഒറ്റമുറി വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. മണ്ണെണ്ണ വിളക്കാണ് ഇവർ ഉപയോഗിച്ചിരുന്നത്. മണ്ണെണ്ണ കുപ്പിയും, തീപ്പെട്ടിയും സമീപത്തായി കാണപ്പെട്ടു. ശരീരത്തിൽ നിന്നും ആഭരണങ്ങൾ ഒന്നും നഷ്ട്ടപെട്ടിട്ടില്ല. അബദ്ധത്തിൽ മണ്ണെണ്ണ വിളക്ക് മറിഞ്ഞു തീ പിടിച്ചതോ മറ്റോ ആകാനാണ് സാധ്യതയെന്ന് കല്ലടിക്കോട് പോലീസ് പറഞ്ഞു. 2019 ൽ ലൈഫ് ഭവന പദ്ധതിയില്‍ നിർമ്മിച്ച വീട്ടില്‍ വൈദ്യുതി ലഭിച്ചിരുന്നില്ല. മകൾ : സീനത്ത്., മരുമകൻ:നവാസ്.

