ഒരു ഗഡു ഡി എ പോലും അനുവദിക്കാതെ കെ എസ് ആർ ടി സി ജീവനക്കാരെ കൊള്ളയടിക്കുന്ന ഇടതു ദുർഭരണത്തിനെതിരെ നടക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി കെ എസ് ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്)ൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. 5 വർഷമായി 0%ഡി എ ക്ക് പണിയെടുക്കേണ്ടി വരുന്ന കെ എസ് ആർ ടി സി ജീവനക്കാരോട് സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനുകൂല്യനിഷേധങ്ങൾ അനുഭവിക്കുന്ന ഒരു തൊഴിലാളി സമൂഹമാണ് കെഎസ്ആർടിസിയിലേത്. ഇടതും വലതും മാറി മാറി ഭരിച്ചു കെഎസ്ആർടിസിയെ നയവൈകല്യങ്ങളും അഴിമതിയും കൊണ്ട് സമ്പൂർണ്ണ തകർച്ചയിലേക്ക് നയിക്കുകയാണ്. രണ്ടരവർഷം മാത്രം ജോലി ചെയ്യുന്ന മന്ത്രിമാരുടെ പി.എ. മാർക്ക് മുഴുവൻ ഡി.എ യും ആനുകൂല്യങ്ങളും നൽകുന്നു. ആജീവനാന്ത പെൻഷനും മരണശേഷം കുടുംബ പെൻഷനും അനുവദിക്കുന്നു. കെഎസ്ആർടിസിയിൽ 30 വർഷം ജോലി ചെയ്യുന്നവർക്കു പോലും ഡി എ യോ വിരമിക്കൽ ആനുകൂല്യങ്ങളോ നൽകാൻ സർക്കാർ തയ്യാറാവുന്നില്ല. പെൻഷൻ ആയാൽ കൃത്യമായി പെൻഷൻ പോലും നൽകാതെ നരകിപ്പിക്കുന്നു. തൊഴിൽ പീഡനങ്ങളിൽ അഭിരമിക്കുന്ന ഒരു മാടമ്പി സർക്കാരാണ് കേരളം ഭരിക്കുന്നത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ കേരളത്തിൽ ഇനിയും ഡി എ അനുവദിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജീവനക്കാരുടെ കൂട്ടായ പ്രതിഷേധത്തിന് എംപ്ലോയീസ് സംഘ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് കോടികൾ നഷ്ടപ്പെടുത്തിയ എൻ പി എസ് പിൻവലിച്ച് സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക, എല്ലാ വിഭാഗം ജീവനക്കാർക്കും അർഹമായ പ്രമോഷൻ അനുവദിക്കുക, ധനകാര്യ സ്‌ഥാപനങ്ങൾക്ക് നൽകിയിരുന്ന ഗ്യാരണ്ടി പുനഃസ്‌ഥാപിക്കുക. അപേക്ഷിക്കുന്ന മുറയ്ക്ക് പി എഫ് ലോൺ അനുവദിക്കുക.കെഎസ്‌ആർടിസിക്ക് ആവശ്യമായ ബസ്സുകൾ വാങ്ങി നൽകുകറൂട്ട് സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. കെഎസ്ആർടിസിയുടെ റൂട്ടുകൾ സംരക്ഷിക്കുക. കെ എസ് ആർ ടി സി യെ സർക്കാർ ഡിപ്പാർട്ട്മെൻ്റാക്കി സംരക്ഷിക്കുക . ശമ്പള പരിഷ്‌കരണ കരാറിലെ വ്യവസ്‌ഥകൾ നടപ്പിലാക്കുക.പി എസ് സി വഴി പുതിയ നിയമനം നടത്തി ജീവനക്കാരുടെ കുറവ് പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആഗസ്റ്റ് 20 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായാണ് പാലക്കാടും പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ജില്ലാ ഭാരവാഹികളായ പി.പ്രമോദ്, സി.ശശാങ്കൻ, പി.ആർ.മഹേഷ്, കെ.കണ്ണൻ, എൽ.മധു,വി.വിജയൻ, വി.കണ്ണൻ എന്നിവർ സംസാരിച്ചു. ഡിപ്പോയിൽ നടന്ന പ്രകടനത്തിന് സുബ്രഹ്മണ്യൻ, പി.സി.ഷാജി, ശ്രീശൻ, എം.മുരുകേശൻ, കെ. പ്രജേഷ്,എസ്.സുരേഷ്, യു.തുളസീദാസ്, എം.ഷാജുമോൻ, എ.എസ്.അരുൺ, എന്നിവർ നേതൃത്വം നൽകി.