രാമായണത്തിലെ ദശരഥന്റെയും കൗസല്യയുടെയും പുത്രിയും ശ്രീരാമന്റെ സ ഹോദരിയുമായ “ശാന്ത” ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥാപാത്രം ആണെന്നും മനോഹരമായ ആഖ്യാനത്തിലൂടെ അവർക്ക് ജീവൻ കൊടുത്തത് സാഹിത്യ ശാഖക്ക് മുതൽ കൂട്ട് ആണെന്നും പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ അഭിപ്രായപ്പെട്ടു. ശാന്ത യുടെ ജീവിതത്തെ കുറിച്ച് മുൻ ടി.ടി. ഐ. പ്രധാന അധ്യാപിക ഭാരതി ഹരിദാസ് എഴുതിയ നോവൽ “ശാന്ത” പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ വെച്ച് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് സുഹൃത്ത് സംഘത്തിന്റെ ആ ഭിമുഖ്യത്തിൽ പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻെറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ ഡി ജി.പി. ഡോ.ബി. സന്ധ്യ പുസ്തകം ഏറ്റു വാങ്ങി. മുൻ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ രാജൻ ചെറുക്കാട് പുസ്തകത്തെ പരിചയ പെടുത്തി. രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി, ഡോ. സദനം ഹരികുമാർ, പ്രസാധകൻ ജി. വി. രാകേഷ്, ലൈല രാജകുമാരനുണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു. മുൻ ജില്ലാ ജഡ്ജ് ടി. ഇന്ദിര സ്വാഗതവും അഡ്വ.പി. പ്രേംനാഥ് നന്ദിയും പറഞ്ഞു.