ധീരൻ ചിന്നമലയേയും സഹ പോരാളികളേയും അനുസ്മരിച്ചു

പാലക്കാട്: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല പോരാളിയായ ധീരൻ ചിന്നമലയേയും അദ്ദേഹത്തിൻ്റെ സഹപോരാളികളേയും സൗഹൃദം ദേശീയ വേദി അനുസ്മരിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ കൊങ്കു വീരന്മാരുടെ സൈന്യത്തെ കൂട്ടി പോരാടിയ ഒരു തമിഴ് ഭരണാധികാരി ആയ പാളയക്കാരൻ മുഖ്യനായിരുന്നു ധീരൻ ചിന്നമലൈ. ഇന്നത്തെ ഈറോഡിന് അടുത്ത് മേലപ്പാളയം ദേശത്ത് രത്നസ്വാമിയുടെയും പെരിയാത്തയുടെയും മകനായി 17 ഏപ്രിൽ 1756 ൽ ആണ് ധീരൻ ചിന്നമലൈയുടെ ജനനം. കൗമാരത്തിൽ തന്നെ തന്റെ 2 സഹോദരങ്ങളോടൊപ്പം ചിന്നമലൈ ആയോധനമുറകളിലും കുതിരസവാരിയിലും യുദ്ധത്തിലും പ്രാവീണ്യം നേടി. ബ്രിട്ടീഷുകാർക്കെതിരെ തിരുനെൽവേലി രാജ്യത്തിന്റെ പല ഭാഗത്തും ആയി ഏതാണ്ട് 1750 മുതൽ നടന്ന് വന്ന പോരാട്ടം ആയിരുന്നു പാളയക്കാരർ യുദ്ധം.

1799 മുതൽ യുവാവായ തന്റെ കൈകളിൽ പാളയക്കാരർ യുദ്ധത്തിൽ കൊങ്കു സൈന്യത്തിന്റെ കടിഞ്ഞാൺ വന്നതോടെ ചിന്നമലൈ ബ്രിട്ടഷുകാർക്കെതിരെ കൊങ്കു സൈനികർക്ക് ഒപ്പം പല തവണ ആഞ്ഞടിച്ചു. പല തവണ അദ്ദേഹം ബ്രിട്ടഷുകാരെ വിറപ്പിക്കുകയും വിജയം നേടുകയും ചെയ്തു. 1801 ലെ കാവേരി യുദ്ധം, 1802 ലെ ഓടാനിലൈ യുദ്ധം, 1804 ലെ അരച്ചല്ലൂർ യുദ്ധം എന്നിവ അവയിൽ ചിലതാണ്. വീരപാണ്ഡ്യ കട്ടബൊമ്മന് ശേഷം അദ്ദേഹം ഓടാനിലൈ കീഴടക്കി അവിടെ തന്റെ കോട്ട പണിതു. ഒടുവിൽ തന്റെ വിശ്വസ്തനായ അനുചരൻ നല്ലപ്പൻ ചിന്നമലൈയെ ഒറ്റുകൊടുക്കുകയും തുടർന്ന് അദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റുന്നത് വരേയും അദ്ദേഹം പോരാട്ടം തുടർന്നു. 1805 ൽ ജൂലൈ 31 ന് ആടി പെരുക്ക് ദിനത്തിൽ സേലത്തിനടുത്ത് ശങ്കരി കോട്ടയിൽ ചിന്നമലൈയേയും അദ്ദേഹത്തിൻ്റെ സഹോദരങ്ങളേയും സൈന്യാധിപനേയും ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റി. ചിന്നമലൈയെ കുറിച്ചുള്ള എഴുത്തുകുത്തുകൾ മുഴുവൻ കണ്ടെത്തി ബ്രിട്ടീഷുകാർ നശിപ്പിച്ചു വെങ്കിലും തമിഴ് നാടൻ പാട്ടുകളിലൂടെയാണ് ഈ ചരിത്ര സത്യം വേരറ്റുപോകാതെ നിലനിന്നത്. അദ്ദേഹം കൊളുത്തിയ ദേശീയതയുടെ, പിറന്ന നാടിന് വേണ്ടി പോരാടാൻ കാണിച്ച ധീരതയുടെ ആ സുവർണ്ണ കാലഘട്ടം ദേശസ്നേഹികൾക്ക് ദേശീയതയുടെ വലിയ പ്രചോദനമാണ് നൽകുന്നത്.

കൊടുമ്പിൽ ചേർന്ന “ധീര അനുസ്മരണ” യോഗത്തിൽ ആദരണീയരായ ധീരൻ ചിന്നമലയ്ക്കും സഹ പോരാളികൾക്കും സൗഹൃദം ദേശീയ വേദിയുടെ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു.സൗഹൃദം ദേശീയ വേദി ജില്ലാ പ്രസിഡൻ്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ . എസ്. അധ്യക്ഷത വഹിച്ചു. വിസ്മൃതിയിലായതോ, അറിയപ്പെടാതെ പോയതോ, മൂടി വെയ്ക്കപ്പെട്ടതോ ആയ ചരിത്ര സത്യങ്ങളെ നാടകാവിഷ്കാരത്തിലൂടെയും അവതരണത്തിലൂടെയും അനാവരണം ചെയ്യുന്നതിനുള്ള സൗഹൃദം ദേശീയ വേദിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി ധീരൻ ചിന്നമലയുടേയും സഹ പോരാളികളുടെയും സ്വതന്ത്ര്യ സമര .. ധീരദേശാഭിമാന പോരാട്ടങ്ങളുടെ കഥ നാടക രൂപത്തിൽ ജനങ്ങളിലേക്കെത്തിക്കാൻ തീരുമാനിച്ചു. ശെന്തിൽ കുമാർ. എസ്. സതീഷ്. വി., ബാബു. എം., സുഭാഷ് . വി. തുടങ്ങിയവർ പ്രസംഗിച്ചു.