പാലക്കാട്: അകത്തേത്തറ കുന്നുകാട് ശ്രീ കുറുമ്പ അമ്പലത്തിലേക്കും അമ്പലത്തിനപ്പുറത്തുള്ള വീടുകളിലേക്കുമുള്ള വഴി പരിസരവാസികൾ കൈയേറിക്കൊണ്ടിരിക്കയാണെന്നും മുമ്പ് കാളവണ്ടിയടക്കം പോയിരുന്ന വഴി ഇപ്പോൾ കൈയ്യേറ്റം മൂലം വീതി കുറഞ്ഞു് ഓട്ടോറിക്ഷ പോലും വീട്ടിലേക്ക് വരാൻ പറ്റാത്ത സ്ഥിതിയാണെന്നും കുന്നുകാട്” ശ്രീ” നിവാസ് വീട്ടിൽ മാണിക്കന്റെ മകൻ എം വി ജയശങ്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കുഞ്ചു മേനോൻ എന്ന വ്യക്തിയിൽ നിന്നും തന്റെ അഛൻ മാണിക്കൻ അമ്പലം കഴിച്ച് ബാക്കി മുപ്പത്തിയഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ആ കാലഘട്ടത്തിൽ പ്രസ്തുത സ്ഥലത്തേക്ക് വരുന്നതിനുള്ള വഴിയാണ് ഇപ്പോൾ കൈയേറിക്കൊണ്ടിരിക്കുന്നതെന്ന് വിജയശങ്കർ ആരോപിച്ചു. അമ്പലകമ്മിറ്റിയിൽ പെട്ടവർ തന്നെയാണ് കൈയേറുന്നതെന്നതു കൊണ്ട് മറ്റു പരിസരവാസികൾ മൗനം പാലിക്കുകയാണത്രെ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കരുതലും കൈ താങ്ങും എന്ന പരാതി അദാലത്തിൽ പരാതി നൽകിയെങ്കിലും സ്ഥലമുണ്ട് പക്ഷെ വഴിയുള്ളതായി രേഖയില്ലെന്നാണ് റവന്യൂ വകുപ്പിൽ നിന്നും മറുപടി ലഭിച്ചതെന്നും വിജയശങ്കർ പറഞ്ഞു.പഞ്ചായത്ത് അധികൃതരും സർവ്വേ അധികൃതരും സംയുക്ത പരിശോധന നടത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പറഞ്ഞു.
റോഡിൽ സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് ഒരു വ്യക്തി വേലി കെട്ടിയിക്കുന്നതായും അമ്പലത്തിന്റെ ഊട്ടുപുര റോഡിലേക്ക് ഇറക്കി കെട്ടിയതും റോഡിന്റെ വീതി കുറയാൻ കാരണമായ തെളിവായി വിജയശങ്കർ പറയുന്നു. തങ്ങൾക്ക് അവകാശപ്പെട്ട വഴി ലഭിക്കുന്നതിന് പോലീസ് സ്റ്റേഷനിലും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് വിജയശങ്കർ.