മലമ്പുഴ :സ്വന്തം വിദ്യാലയത്തിൻ്റേയും പഞ്ചായത്തിലെ വിവിധ വാർഡുകളുടെയും ശുചിത്വ നിലവാരം വിലയിരുത്തി കുട്ടികളുടെ ഹരിത സഭയിൽ വിദ്യാർത്ഥികളുടെ റിപ്പോർട്ടുകളും ചോദ്യങ്ങളും. ചോദ്യങ്ങൾക്ക് മറുപടി നൽകിയതിനൊപ്പം എല്ലാ റിപ്പോർട്ടുകളും വിശദമായി പരിശോധിച്ച് സമഗ്ര പരിഹാര നടപടികൾക്കായി ഭരണസമിതി. സംസ്ഥാനത്ത് “നിയമസഭ” യും പാർലമെൻ്റിൽ “ലോക്സഭ” യും “രാജ്യസഭ ” യും എന്ന പോലെ അതി ഗൗരവമാർന്ന ചർച്ചാ വേദിയായിരുന്നു മലമ്പുഴ ഗ്രാമ പഞ്ചായത്തിലെ കുട്ടികളുടെ ഹരിത സഭ. ഗ്രാമപഞ്ചായത്തിൽ മൂന്ന് മണിക്കൂറിലധികം നീണ്ടു നിന്ന “കുട്ടികളുടെ ഹരിത സഭ ”
മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. കുട്ടികളുടെ ഹരിത സഭ മലമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാ ബോധം നൽകുന്നതായിരുന്നു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുമായി നൂറ്റി എഴപത് വിദ്യാർത്ഥികളും, അധ്യാപക പ്രതിനിധികളും ഓളം 210 പേർ പങ്കെടുത്തു. പുതുവർഷത്തിൽ “മാലിന്യ മുക്ത നവകേരളം ” എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള വിദ്യാർത്ഥി സമൂഹത്തിൻ്റെ പ്രതിബദ്ധത വിളിച്ചോതിയ ഒരു പ്രവർത്തനമായിരുന്നു മലമ്പുഴ പഞ്ചായത്തിൽ നടന്നത് .
പാലക്കാട് ജില്ല ശുചിത്വമിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ മുഖ്യാതിഥിയായി പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് ശുചിത്വ അവബോധവും വലിച്ചെറിയൽ വിരുദ്ധ സന്ദേശവും നൽകിയെന്നത് ഹരിത സഭയ്ക്ക് ശുചിത്വത്തിൻ്റെ തിളക്കമേകി .മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമലത മോഹൻദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് രാധികാ മാധവൻ ഉദ്ഘാടനം ചെയ്തു. വിവിധ വാർഡുകളിലെ ജനപ്രതിനിധികളും പങ്കെടുത്തു. സ്റ്റാൻഡിങ്ങ് കമ്മിറ്റി സാരഥികളായ സുജാത , അഞ്ജു , മെംബർമാരായ ഹേമലത, നിമേഷ് , റാണി ശെൽവൻ , രഞ്ജു കെ. സുനിൽ , സലജ സുരേഷ് , ലീലാ ശശി , CDS ചെയർപേഴ്സൺ ലീലാവതി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഹരിതകർമ്മ സേന കൺസോർഷ്യം പ്രതിനിധി സുജാത ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി വിനോദ്. ബി .സ്വാഗതം പറഞ്ഞു .പഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ പ്രവർത്തന റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡൻ്റ് അവതരിപ്പിച്ചു. കുട്ടികളുടെ തന്നെ പാനൽ പ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു ഹരിത സഭ നടത്തിപ്പ്. വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് ഹരിത സഭാ പ്രതിനിധികളായ വിദ്യാർത്ഥികൾ സ്വന്തം വിദ്യാലയങ്ങളിലേയും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഗൃഹ സമ്പർക്കം , പൊതുസ്ഥല പരിശോധന തുടങ്ങി നീണ്ട നിരീക്ഷണങ്ങളിലൂടെ വിലയിരുത്തി ഹരിത സഭയിൽ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. റിപ്പോർട്ടിൽ പരാമർശിച്ച പോരായ്മകൾ , പരാതികൾ തുടങ്ങിയവയുടെ പരിഹാരം സംബന്ധിച്ച് അധ്യക്ഷയായ വൈസ് പ്രസിഡൻ്റ് പ്രഖ്യാപനം നടത്തി .
സമഗ്ര ശുചിത്വവുമായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങൾക്ക് ജനപ്രതിനിധികൾ മറുപടി നൽകി. ഹരിതസഭാ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ശുചിത്വ പദ്ധതി പ്രവർത്തനങ്ങൾ പുന: ക്രമീകരിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു . വിദഗ്ദ്ധ പാനൽ പ്രതിനിധികളായ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സീനിയർ എക്സ്റ്റൻഷൻ ഓഫീസർ ബി .സുധ, ജെ.എച്ച് . ഐ . ശരണ്യ ഉണ്ണിത്താൻ എന്നിവർ ഹരിതസഭയുടെ വിലയിരുത്തൽ നടത്തി. പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാരി. റ്റി. വി. നന്ദി രേഖപ്പെടുത്തി. കൺസോർഷ്യം സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ , ശുചിത്വ മിഷൻ , നവ കേരള മിഷൻ ആർ . പി. മാർ , മലമ്പുഴ ബ്ലോക്ക് ആർ.ജി. എസ് . എ . കോ . ഓർഡിനേറ്റർ, കില തീമാറ്റിക് എക്സ്പേർട്ട് , ക്ലീൻ കേരള പ്രതിനിധി, പഞ്ചായത്ത് പ്രേരക് തുടങ്ങിയവർ പിന്തുണ നൽകി. ഹരിത സഭ ഹാൾ തെങ്ങോലകളാൽ അലങ്കരിച്ചും ഹരിതസഭ ബോർഡ് സ്ഥാപിച്ചും ഹരിത കർമ്മ സേന ഹരിത സഭയെ ഹരിതാഭമാക്കി. കുട്ടികളും സഹായികളായി .തെങ്ങോലകളാൽ കൊട്ടകൾ മെടഞ്ഞുണ്ടാക്കി അവയിൽ ഉപയോഗ പ്രദവും പുനരുപയോഗ പ്രദവുമായ പ്ലാസ്റ്റിക്കുകളും ചകിരി കൊണ്ട് നിർമ്മിച്ചഅലങ്കാര വസ്തുക്കളും ഹരിതകർമ്മ സേന പ്രദർശിപ്പിച്ചു. മാലിന്യ മുക്ത നവകേരള .. ശുചിത്വ സന്ദേശങ്ങൾ വിളംബരം ചെയ്തു.
കൂടാതെ പാഴ്‌വസ്തുക്കൾ തരംതിരിക്കുന്നതിനെ പറ്റിയുള്ള അറിവ് ഹരിത സഭയിൽ പങ്കെടുത്ത കുട്ടികൾക്ക് ഹരിത കർമ്മ സേനാംഗങ്ങൾ പകർന്ന് നൽകുകയും ചെയ്തു. ഹരിത സഭ സമാപനത്തെ തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടന്നു. മാലിന്യ സംസ്കരണം സംബന്ധിച്ച മികവുറ്റ ആശയങ്ങൾ തുടങ്ങിയവ വിലയിരുത്തുമെന്നും തുടർ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രോൽസാഹനം നൽകുമെന്നും ഭരണ സമിതിക്കുവേണ്ടി പ്രസിഡൻ്റ് അറിയിച്ചു. അധ്യാപകരേയും ഹരിതസഭാംഗങ്ങളായ വിദ്യാർത്ഥികളേയും ഭരണസമിതി അംഗങ്ങളേയും വിശിഷ്ടാതിഥികളേയും ഹരിതകർമ്മസേനാംഗങ്ങൾ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചതോടെയാണ് ഹരിത സഭയ്ക്ക് വർണ്ണോജ്ജ്വല ത്യാക്കമായത്.