ശമ്പള വിഷയത്തിൽ ബഹു ഗതാഗത വകുപ്പു മന്ത്രി കെ എസ് ആർ ടി സി ജീവനക്കാർക്കു നൽകിയ വാക്ക് വെള്ളത്തിൽ വരച്ച വര പോലെ ആയി മാറിയെന്നും സിനിമാ ഡയലോഗിൻ്റെ വിശ്വാസ്യത പോലും അവകാശപ്പെടാൻ കഴിയാത്തതെന്നും കെ എസ് ടി എംപ്ലോയീസ് സംഘ് പാലക്കാട് ജില്ലാ സെക്രട്ടറി ടി വി രമേഷ് കുമാർ പറഞ്ഞു. പറഞ്ഞ വാക്കു പാലിക്കാതെ കെ എസ് ആർ ടി സിയിൽ തുടർച്ചയായി ശമ്പളം നിഷേധിക്കുന്ന വകുപ്പു മന്ത്രിക്കും ഇടതു ഭരണത്തിനുമെതിരെ എംപ്ലോയീസ് സംഘ് നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബർ മാസത്തിൽ വരുമാനം സർവ്വകാല റെക്കോർഡിൽ എത്തിയിട്ടും കെ എസ് ആർ ടി സി യിലെ ജീവനക്കാർക്ക് ശമ്പളം നൽകാതെ പീഡിപ്പിക്കുന്ന ഇടതു സർക്കാർ അങ്ങേയറ്റത്തെ സാഡിസ്റ്റ് ഭരണകൂടമാണെന്നും ജനുവരി മാസം മുതൽ ഒന്നാം തിയതി തന്നെ ശമ്പളം തരുമെന്ന് കഴിഞ്ഞ മാസം പാലക്കാട് ഡിപ്പോയിൽ നടന്ന പരിപാടിയിലും ആവർത്തിച്ച വകുപ്പുമന്ത്രിയുടെ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ വൈസ് പ്രസിഡൻ്റ് വി.വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ
ജില്ലാ ട്രഷറർ സി.പ്രമോദ്,എ കെ പ്രദീപ് കുമാർ,കെ പി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു
മെക്കാനിക്കൽ വർക്ക് ഷോപ്പിനു സമീപത്തു നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിന് ജില്ലാ സമിതി അംഗങ്ങളായ എം കണ്ണൻ,എം.മുരുകേശൻ,യു തുളസീദാസ്,കെ പ്രജേഷ് , യൂണിറ്റ് ഭാരവാഹികളായ വി.രാജഗോപാലൻ,ടി.പ്രദീപ്,ആർ.ശിവകുമാർ,ഇ.എസ് സുദേവൻ,കെ. എൻ.സുവർണ്ണൻ,എൽ രവിപ്രകാശ്,കെ.ഹരിദാസ്
തുടങ്ങിയവർ നേതൃത്വം നൽകി.