അടിമാലി: വീണ്ടും ഒരു മഴക്കാലം പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ വെള്ളത്തൂവലിലെ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ചെക്ക് ഡാമിൽ നിറഞ്ഞുകിടക്കുന്ന ചെളിയും മണലും നീക്കുന്ന കാര്യത്തിൽ തീരുമാനമില്ല. വെള്ളത്തൂവൽ പാലത്തിനുതാഴെ മുതിരപ്പുഴയാറിന് കുറുകെയാണ് വൈദ്യുതി ബോർഡിന്റെ ചെക്ക് ഡാം സ്ഥിതിചെയ്യുന്നത്. എന്നാൽ, ചെറുകിട ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ ഈ ചെക്ക് ഡാമിപ്പോഴും ചെളിയും മണലുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ചെങ്കുളം പവർഹൗസിൽനിന്ന് ഉത്പാദനശേഷം പുറത്തുവിടുന്ന ജലവും മുതിരപ്പുഴയാറ്റിലെ ജലവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ചെക്ക് ഡാം നിർമിച്ചത്. ഈ ഡാമാണിപ്പോൾ വെള്ളം സംഭരിക്കാനാകാതെ കിടക്കുന്നത്.മണലും ചെളിയും നീക്കി ചെക്ക് ഡാമിന്റെ സംഭരണശേഷി വർധിപ്പിക്കുന്ന നടപടി അനന്തമായി നീളുന്നുവെന്ന ആക്ഷേപമുണ്ട്. മണലുംചെളിയും നീക്കി പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം. 2018-ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ചെക്ക് ഡാമിൽ മണലും ചെളിയും വന്ന് നിറഞ്ഞിരുന്നു.