പാലക്കാട്: കേരളം പകർച്ചവ്യാധികളുടെ പിടിയിലമരുന്നു. മഴക്കാല പൂർവ്വ ശുചീകരണം തുടങ്ങും മുൻപ് തന്നെ മഴ ശക്തമായി. മാലിന്യങ്ങളും രോഗങ്ങളും ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നു. “മാലിന്യമുക്തം നവ കേരളം” ക്യാമ്പയിനിലൂടെ മാലിന്യ ശേഖരണത്തിൽ വൻ വർധനവുണ്ടായി. എന്നാൽ മാലിന്യങ്ങൾ സുരക്ഷിതമായി കൈയ്യൊഴിയുന്നതിൽ ആനുപാതിക വർധനവുണ്ടാകുന്നില്ല. അടിയന്തിരമായി ഇതിനുള്ള പ്രതിബന്ധങ്ങൾ നീക്കണം.
സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ. ഡെങ്കിപ്പനി പിടിപെട്ട് 48 പേർക്ക് ജീവൻ നഷ്ടമായി. ഈമാസം ഇതുവരെ എലിപ്പനി ബാധിച്ച് എട്ടുപേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേരും മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണങ്ങളിലും വർധനയെന്ന് കണക്കുകൾ.
മഴ ശക്തമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണതിലും വലിയ വർദ്ധനയാണ്. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് ജീവനെടുക്കുന്നത്. അഞ്ചു മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേർ. മേയ് മാസത്തിൽ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കി ബാധിച്ച് 5 പേരും മരിച്ചു. ആയിരത്തി അഞ്ഞൂറോളം പേർ ഡെങ്കിപ്പനി ചികിൽസയിലാണ്. മഞ്ഞപ്പിത്ത മരണങ്ങളിലും വർദ്ധനവുണ്ട്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വർഷം മരിച്ചത് 15 പേരാണ്.
മൂന്നുപേർ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 77 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായി.ജപ്പാൻ പനി (ജാപ്പനീസ് എൻസെഫലൈറ്റിസ്) ബാധിച്ച് ഏഴ് മരണങ്ങൾ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ 30 പേർ പനി ബാധിച്ച് മരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പകർച്ചപ്പനിക്കെതിരെ അതീവ ജാഗ്രത വേണം എന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രായമായവരിലും കുട്ടികളിലും രോഗം തീവ്രമാകാനുള്ള സാധ്യത വളരെ കടുതലാണ്. സംസ്ഥാനത്തെ ആരോഗ്യ.. ശുചിത്വ മേഖലയിൽ അടിയന്തിര നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന അവസ്ഥ ആശങ്കാജനകമാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സൗഹൃദം ശുചിത്വ വേദി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു . വിവിധ വകുപ്പു തല ഏകോപന പ്രവർത്തനങ്ങൾ അടിത്തട്ടിലും ഉർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.പ്രസിഡൻ്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് തച്ചങ്കാട് , കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.