കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം വനമേഖലയില്‍ പകല്‍ റോഡിലിറങ്ങി കാട്ടാന. ഈ സമയം നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ആന ആക്രമണ സ്വഭാവം പുറത്തെടുക്കാത്തത് ആശ്വാസമായി.
ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപവും പകല്‍ ആനയുടെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജനവാസ മേഖലക്ക് അരികിലും ദേശിയപാതക്ക് സമീപവുമൊക്കെ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നത് പ്രദേശവാസികളിലും വാഹനയാത്രികരിലുമൊക്കെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നേര്യമംഗലം വനമേഖലയുമായി ചേര്‍ന്ന് കിടക്കുന്ന കാഞ്ഞിരവേലി ഭാഗത്ത് കാട്ടാനകളുടെ സ്ഥിര സാന്നിധ്യമുണ്ട്. നാളുകള്‍ക്ക് മുമ്പ് വീട്ടമ്മ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കാഞ്ഞിരവേലിയിലായിരുന്നു. കഴിഞ്ഞ വര്‍ഷം നേര്യമംഗലം വനമേഖലയില്‍ ഇരുചക്രവാഹന യാത്രികന്‍ കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. രാപകല്‍ വ്യത്യാസമില്ലാതെ ഇരുചക്ര വാഹനയാത്രികരടക്കം നേര്യമംഗലം വനമേഖലയിലൂടെ സഞ്ചരിക്കാറുണ്ട്. മധ്യവേനലവധിക്കാലമായതിനാല്‍ ദേശിയപാതയില്‍ വിനോദ സഞ്ചാര വാഹനങ്ങളുടെ തിരക്കുണ്ട്. റോഡിൽ കാട്ടാനയുടെ സാന്നിദ്ധ്യം സ്ഥിരം ഉണ്ടാകുന്നതോടെ യാത്രക്കാരും ഭീതിയിലാണ്.