മലമ്പുഴ: അന്യനാട്ടിൽ നിന്നും മലമ്പുഴയിലേക്കെത്തുന്ന വിനോദ സഞ്ചാരികൾ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുമ്പിൽ കാണുന്ന റോഡ് കണ്ട് ചോദിക്കുന്നു – ഇത് റോഡോ? അതോ തോടോ? രണ്ടു വർഷം മുമ്പ് പൈപ്പിടാനായിവാട്ടർ അതോറിട്ടി കുഴിച്ച ചാല് ശരിയാംവണ്ണം മൂടാത്തതു കൊണ്ട് മഴ വെള്ളവും കൂടിയായപ്പോൾ തോടായി മാറുന്നു. വശങ്ങളിൽ ചെളിയും കൂടെയായപ്പോൾ ഇരുചക്ര വാഹനങ്ങൾ തെന്നിവീഴാൻ തുടങ്ങി. പാലക്കാട്ടുനിന്നും ടൗൺ ചുറ്റിക്കറങ്ങാതെയും ട്രാഫിക് ബ്ലോക്കിൽ പെടാതേയും കൊയമ്പത്തൂർ ഭാഗത്തേക്ക്പോകാൻ ഈ റോഡാണ് ചരക്കുലോറികളടക്കം ഉപയോഗിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രീറ്റ് ചെയ്ത ങ്കിലും ശരിയായ അനുപാതത്തിൽ സിമന്റും മറ്റും ഉപയോഗിക്കാത്തതിനാൽ അവ പൊട്ടിപൊളിഞ്ഞു പോയതായും നാട്ടുകാർ പറഞ്ഞു. റോഡ് ടാക്സ് വാങ്ങുന്ന സർക്കാരിന് റോഡിന്റെ സുരക്ഷയും സംരക്ഷണവും നോക്കാൻ ഉത്തരവാദിത്വമില്ലേയെന്നും നാട്ടുകാർ ചോദിക്കുന്നു. ” ഈസ് ദിസ് എ റോഡ്” എന്ന് അത്‌ഭുതത്തോടെ ഒരു വിദേശി ചോദിച്ചതായും ഈ പ്രദേശത്തെ ഒരു വഴിയോര കച്ചവടക്കാരൻ പറഞ്ഞു. എത്രയും വേഗം റോഡ് പണിത് സഞ്ചാരം സുഗമമാക്കണമെന്ന് നാട്ടുകാരും വിനോദ സഞ്ചാരികളും ആവശ്യപ്പെട്ടു.