എൻ. കൃഷ്ണകുമാർ
“കൗമാരത്തിൽ പിതാവും യൗവനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും നിന്നെ സംരക്ഷിക്കട്ടെ” എന്ന മനുസ്‌മൃതി വാക്യം പലപ്പോഴും വിമർശന വിധേയമാകാറുണ്ട്. സംവത്സരങ്ങൾക്കു മുമ്പ് സനാതന സംസ്ക്കാരം സ്ത്രീക്ക് നൽകുന്ന ബഹുമാന്യത ഈ വരികളിൽ തെളിഞ്ഞ് നിൽക്കുന്നു.
അതേ, മനുസ്‌മൃതിയിൽ തന്നെ ഉദ്ധരിച്ചിട്ടുണ്ട് എവിടെ നാരികൾ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകൾ വസിക്കും എന്ന്. ജീവിതത്തിൽ മകളായും സഹോദരിയായും ഭാര്യയായും അമ്മയായും മുത്തശ്ശിയായും നിരവധി വേഷങ്ങൾ കെട്ടിയാടുന്നു
അവൾ. “അമ്മ” ഒരു സ്ത്രീ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്ന് അവളിലെ മാത്യത്വത്തിന് വേണ്ടിയാണ്. ഒരു കുഞ്ഞിന് ജന്മം നൽകാൻ വേണ്ടി തന്റെ ഇഷ്ടങ്ങൾ എല്ലാം മാറ്റി വെച്ച് തയ്യാറെടുക്കുന്നു അവൾ. ഉദരത്തിൽ കിടക്കുന്ന കുഞ്ഞിൻ്റെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലും അവൾ കാണുന്ന സ്വപ്നങ്ങൾ.
കുഞ്ഞിന്റെ ജനനത്തിന് ശേഷം ഓരോ നിമിഷവും തൻ്റെ ജീവിതം മുഴുവൻ അവർക്കായി അവൾ സമർപ്പിക്കുന്നു. തനിയെ കുടുംബത്തിൻ്റെ ഉത്തരവാദിത്തം മുഴുവൻ അവളിലേക്ക് എത്തുന്നു. പകലന്തിയോളം പണിയെടുത്ത് തളരുമ്പോഴും അവൾക്ക് പരാതിയില്ല. തനിക്കുള്ള ഭക്ഷണം പോലും മക്കൾക്കും ഭർത്താവിനും നൽകുമ്പോഴും അവളിൽ വേദന നിറയുന്നില്ല. റിട്ടയർമെൻ്റ് ഇല്ലാത്ത ആ ജീവിതം അത് അമ്മയുടെ മാത്രം. എന്നാലും പരാതികളും പരിഭവവുമില്ലാതെ മകളോടും പേരക്കുട്ടികളോടും ഭർത്താവിനോടും നിറഞ്ഞ സ്നേഹം മാത്രമായി അവളുടെ ജീവിതചക്രം തിരിയുന്നു.
അമ്മയുടെ നിറഞ്ഞ സ്നേഹത്തിൻ്റെ മുന്നിൽ മറഞ്ഞിരിക്കുന്ന ഒന്നാണ് അച്ഛന്റെ സ്നേഹം. തൻ്റെ കുഞ്ഞ് ജനിച്ച് വീഴുമ്പോൾ, അവൻ്റെയോ അവളുടെയോ ഓരോ വളർച്ചയും സന്തോഷാശ്രുക്കളോടെ കാണുന്നു അവൻ. ആ മക്കളുടെ ഓരോ ആവശ്യങ്ങളും നിറവേറ്റുവാനായി സ്വന്തം താത്പര്യങ്ങൾ പോലും ഉപേക്ഷിക്കുന്നു. ജീവിതത്തിൻ്റെ ഓരോ അറ്റവും കൂട്ടിമുട്ടിക്കുവാൻ ബുദ്ധിമുട്ടുമ്പോൾ പലപ്പോഴും സ്നേഹം പ്രകടിപ്പിക്കുവാൻ സാധിക്കുന്നില്ല അവന്. മകളെ വിവാഹം നടത്തി മറ്റൊരുവൻ്റെ കൈയ്യിൽ പിടിച്ച് കൊടുക്കുമ്പോൾ വിങ്ങിപൊട്ടുന്നു ആ ഹൃദയം.
: നാം മാതാപിതാക്കൾ ആയാലേ തന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ മൂല്യം മനസ്സിലാവൂ എന്ന ചൊല്ലുണ്ട്. എന്നാൽ ഈ ന്യൂജെൻ കാലഘട്ടത്തിൽ ആ മൂല്യം മക്കൾ അറിയുന്നുണ്ടോ ? താനും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന് മാത്രമാണ് ഇന്നത്തെ തലമുറ പ്രാധാന്യം നൽകുന്നത്. തന്റെ സുഖസൗകര്യങ്ങൾക്ക് വേണ്ടി നമ്മെ വളർത്തി വലുതാക്കിയ ആ ദൈവങ്ങളെ ഉപേക്ഷിക്കുന്ന കാഴ്‌ച ഇന്ന് നിരവധി ക്ഷേത്രനടകളിൽ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങൾ, പണം കൊടുത്ത് സുഖസൗകര്യങ്ങൾ ഉണ്ട് എന്ന് വിലയിരുത്തപ്പെടുന്ന വൃദ്ധസദനത്തിലും, സൗജന്യമായി നടത്തുന്ന വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മമാർ. അവർ മരിച്ചാൽ പോലും എത്തിച്ചേരാതെ വാട്‌സ് അപ്പ് വീഡിയോ കോളിലൂടെ അച്ഛനമ്മമാരുടെ വിറങ്ങലിച്ച മൃതദേഹം കാണുന്ന ആധുനിക മക്കൾ. തിരക്കുകൾ ഏറെയുണ്ടെങ്കിലും വല്ലപ്പോഴും ഒരിക്കൽ എങ്കിലും തന്നെ താനായി വളർത്തിയ ആ ദൈവങ്ങളുടെ കൂടെ സമയം ചിലവഴിക്കാൻ സമയമില്ലാത്ത മക്കൾ.
അച്ഛന്റെയും അമ്മയുടെയും ദിനങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ അവരുടെ കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തതുകൊണ്ട് മാത്രം ആകുന്നില്ല അവരോടുള്ള സ്നേഹം. ഓരോ മക്കളും ഓർക്കുക ഇന്നത്തെ പച്ച പ്ലാവില നാളെ പഴുക്കും, നമ്മൾ പൊന്നോമനകളായി വളർത്തുന്ന മക്കൾ നമ്മോട് തിരിച്ച് ഇത് കാണിക്കുന്ന ദിനം വിദൂരമല്ല. ഏത് ദേവാലയത്തിലെ പ്രതിഷ്‌ഠക്ക് മുമ്പിൽ പ്രാർത്ഥിച്ചാലും എത്ര ദാനധർമ്മങ്ങൾ നടത്തിയാലും, മാതാപിതാക്കളുടെ മരണാനന്തര കർമ്മങ്ങൾ അതിഗംഭീരമായി നടത്തിയാലും ലഭിക്കുന്ന ഒന്നല്ല പുണ്യം. ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കൾ ആകുന്ന ആ ദൈവങ്ങൾക്ക് വേണ്ടി ഒരല്പം സമയം, ഒരിറ്റ് സ്നേഹം, നൽകിയാൽ കിട്ടുന്ന അനുഗ്രഹം അത് മറ്റൊന്നിനും പകരമാകില്ല.