പാലക്കാട്: പ്രധാനപ്പെട്ട പല പദ്ധതികളുടേയും ഫയലുകൾ നഗരസഭയുടെ ഓഫീസിൽ കാണാനില്ലെന്നും ഇതുമൂലം ജനങ്ങളും ജനപ്രതിനിധികളും ഏറെ ബുദ്ധിമുട്ടുന്നതായി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ – ഭരണപക്ഷ കൗൺസിലർമാർ ആരോപിച്ചു.പി എം വൈ പദ്ധതിയടക്കം പല പദ്ധതികളുടേയും ഫയലുകളാണ് കാണാതായിരിക്കുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു. ഇതിനുത്തരവാദികൾ നഗരസഭയിലെ ഉദ്യോഗസ്ഥരാണെന്നും അവർ പറഞ്ഞു.
2023-2024 ലേക്കുള്ള പദ്ധതികൾ ഭേദഗതി ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.
നിലവിലെ മരാമത്തു പണികൾ എത്രയും വേഗം ചെയ്തു തീർത്തില്ലെങ്കിൽ ഫണ്ടുകൾ ലാപ്സ് ആകുമെന്നും മുതിർന്ന ബിജെപി കൗൺസിലർ ശിവരാജൻ ഓർമ്മപ്പെടുത്തി. നിലവിലെടെണ്ടറുകൾ പെട്ടെന്ന് അംഗീകരിക്കുകയും പുതിയ ടെണ്ടറുകൾ വിളിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ യഥാസമയം കരാറുകാർക്ക് ബില്ല് പാസാക്കത്തതിനാൽ ടെണ്ടറുകൾ എടുക്കാൻ കരാറുകാർ മുന്നോട്ടു വരുന്നില്ലെന്നും ബില്ല് പാസാക്കാത്തത് ഉദ്യോഗസ്ഥരുടെ കെടും കാര്യസ്ഥതയാണെന്നും പ്രതിപക്ഷ കൗൺസിലർ ഭവദാസ് ആരോപിച്ചു നഗരസഭയിലെ റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞ് ഇരുചക്രവാഹനങ്ങൾക്കടക്കം അപകട സാധ്യത വർദ്ധിച്ചിരിക്കയാണെന്നും മാർക്കറ്റ് റോഡിൽ അപകടത്തിൽ പെട്ട സ്കൂട്ടർ യാത്രികൻ ലക്ഷങ്ങൾ മുടക്കി ഇപ്പഴും ചികിത്സയിലാണെന്നും ശിവരാജൻ പറഞ്ഞു.
നഗരസഭയിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്നാണ് യോഗത്തിലെ മറ്റൊരാവശ്യം. ഉദ്യോഗസ്ഥരുടെ അപാവം മൂലം ഫയലുകൾ ഒപ്പിടാതെ കെട്ടികിടക്കുന്നതായും ആരോപണം ഉയർന്നു. നഗരസഭയിലെ സാമ്പത്തീക കാര്യങ്ങൾ അറിയിക്കുന്നതിനായി ധവളപത്രം ഇറക്കണമെന്നായിരുന്നു ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ ആവശ്യപ്പെട്ടത്. പദ്ധതികളുടെ പ്രവർത്തനങ്ങൾക്കു് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.