പാലക്കാട്: സർഗ്ഗാത്മക സ്വാതന്ത്ര്യവും ദാർശനികമാനവുമുള്ള മൗലിക രചനകൾക്കു നൽകിവരുന്ന പാലക്കാട് പബ്ലിക് ലൈബ്രറിയുടെ 2012-ല സാഹിത്യ അവാർഡിന് ജോർജ് ദാസിന്റെ മറ്റൊരു ചിലപ്പതികാരം’ എന്ന നോവൽ അർഹമായതായി പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്.പീറ്റർ അറിയിച്ചു.
“അധികാരത്തിന്റെ ദുർനീതിയാൽ കൊല്ലപ്പെടുന്ന കോവലന്റെ പതിവ്രതയായ പത്നി കണ്ണകിയുടെ പ്രതികാരം അധികാരവും അതിന്റെ താൻ പോരിമയും നിലനിൽക്കുന്നിടത്തോളം പ്രസക്തമാണ്. ആ സത്യം വായനക്കാരന്റെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുംവിധം തന്റെ കാവ്യാത്മകമായ ശൈലിയിൽ രചിച്ചിരിക്കുന്ന നോവലാണ് ജോർദാസിന്റെ “മറ്റൊരു ചിലപ്പതികാരം’ എന്ന് ജൂറി വിലയിരുത്തി.
ഡോ.ജയപ്രകാശ് ചെയർമാനും പ്രൊഫ.പി.കെ.ബാലകൃഷ്ണൻ, അസി. പ്രൊഫ. ഷീബ.എം.എസ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.
10001 രൂപ ക്യാഷ് പ്രൈസും ശില്പവും സാക്ഷ്യപത്രവും ഉൾപ്പെടുന്ന അവാർഡ്: ഏപ്രിൽ 29 ശനി കാലത്ത് 10 മണിക്ക് ലൈബ്രറിയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കുന്നതാണ്. ഡോ:പാർവ്വതി വാര്യർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവ്വാഹകസമിതി അംഗം വി.കെ. ജയപ്രകാശ് പുരസ്കാരദാനം നിർവ്വഹിക്കും എന്ന് സെക്രട്ടറി ടി.എസ്.പീറ്റർ അറിയിച്ചു.