കെ എസ് ആർ ടി സിയിൽ ഇടതു സർക്കാർ നടത്തുന്ന തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്നവരെ മാനേജ്മെൻറിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന സർക്കാർ നടപടി ഭരണകൂട ഫാസിസമാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കെ.രാജേഷ് പറഞ്ഞു. ഡിസംബർ മാസ ശമ്പളം ലഭിക്കാത്തതിനെതിരെ ജനുവരി 11 ന് നിശ്ശബ്ദമായി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ കെ എസ് ടി എംപ്ലോയീസ് സംഘ് പാലക്കാട് ഡിപ്പോയിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീ ശാക്തീകരണത്തിനു വേണ്ടി വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ ഭരണത്തിൽ പണിയെടുത്ത കൂലിക്കു വേണ്ടി ഉയർന്ന ഒരു സ്ത്രീ ശബ്ദം പോലും ഭരണകൂടത്തെ ഇത്രയധികം അസ്വസ്ഥമാക്കുന്നത് ഫാസിസത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ എസ് ആർ ടി സി യെ തകർക്കാനുള്ള ഇടതുപക്ഷ നീക്കത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമമെങ്കിൽ ശക്തമായ തൊഴിലാളി പ്രക്ഷോഭത്തിന് സംഘടന നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻറ് സി.ശശാങ്കൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എം.അരുൺ കുമാർ, ഇ.ശശി, വി.വിജയൻ ,എസ്. സരേഷ് എന്നിവർ നേതൃത്വം നൽകി.