വസ്തു നികുതി വർധനവിനെതിരെ ചിറ്റൂർ നഗരസഭ യു ഡി എഫ് കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി.

ചിറ്റൂർ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സംസ്ഥാന സർക്കാർ അവഗണനയിലും, ഏപ്രിൽ ഒന്ന് മുതൽ വരുത്തിയ വസ്തു നികുതി വർദ്ധനവിലും പ്രതിഷേധിച്ച് ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.

ഇടയ്ക്കിടെ സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുന്നതും, നഗരസഭയുടെ അശാസ്ത്രിയമായ പദ്ധതി ആസൂത്രണവും കാരണം നഗരസഭ 2023-24 വർഷം കടുത്ത വികസന മുരടിപ്പും സാബത്തിക പ്രതിസന്ധിയും നേരിടേണ്ടിവരുമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി.പ്രീത് കുത്തിയിരുപ്പ് സമരം ഉൽഘാടന പ്രസംഗത്തിൽ ആരോപിച്ചു.

പദ്ധതി വിഹിതം തുടരെതുടരെ വെട്ടികുറയ്ക്കുന്ന സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലകൾ കാര്യക്ഷമമാക്കുവാൻ വേണ്ടി പുതുക്കിയ നികുതി ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത് ഇരട്ടതാപ്പ് നയത്തെയാണ് സൂചിപ്പിക്കുന്നതെന്നും കെ.സി.പ്രീത് ചുണ്ടികാണിച്ചു.

5 വർഷത്തിലൊരിക്കൽ വസ്തു നികുതി വരദ്ധനവ് എന്നത് ഓരോ വർഷവും നികുതി വർദ്ധിപ്പിക്കുന്ന സർക്കാർ ഉത്തരവ് ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കുമ്പോൾ പൊതുജനങ്ങൾ വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരുമെന്നും കെ.സി.പ്രീത് പറഞ്ഞു.

ചിറ്റൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആർ.ബാബു അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർമാരായ ആർ.കിഷോർ കുമാർ, അനിത കുട്ടപ്പൻ, കെ.ബാബു ദാസ്, വി.ഉഷ, ബി.പ്രിയ, സി.സുചിത്ര, എം.ജി.ജയന്തി, പി.എച്ച്.സബിതമോൾ എന്നിവർ പ്രസംഗിച്ചു.