മലമ്പുഴ: അരിയും മുളകും സ്റ്റോക്ക് എത്തിയതോടെ വൻ തിരക്ക് അനുഭവപ്പെട്ടു.സ്റ്റോക്ക് എത്തിയത് കേട്ടവർ കേട്ടവർ ഓടിയെത്തിയതോടെ അരിയും മുള്കുംകും തീരുകയും ചെയ്തു. നൂറ്റിനാൽപത് ചാക്ക് അരിയാണ് പെട്ടെന്ന് തീർന്നത്. റേഷൻ കടകളിൽ ഏറെ നാളായി പച്ചരി വിതരണം ചെയ്യുന്നതു കൊണ്ടാണ് ഇവിടേക്ക് തിരക്ക് അനുഭവപ്പെട്ടതെന്ന് സപ്ലെയ്കോ ജീവനക്കാർ പറഞ്ഞു. രണ്ടു മാസമായി മുൻ മാസങ്ങളേക്കാൾ വൻതോതിൽ വിൽപന കൂടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
സബ്ബ്സിഡി ഉൽപ്പന്നങ്ങൾക്കു പുറമേ സബ്സിഡി ഇല്ലാത്തവയും ജനങ്ങൾ വാങ്ങുന്നതും വിൽപനയിൽ വർദ്ധനവുണ്ടാകാൻ കാരണമാകുന്നുണ്ട്.
റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന പച്ചരി വീട്ടാവശ്യത്തിലധികമായതിനാൽ മറിച്ചുവിൽപനയും നടക്കുന്നു. അരി അരച്ച് വിൽക്കുന്നവർ, പലചരക്ക് കടക്കാർ, കാറ്ററിങ്ങ് സർവ്വീസുകാർ എന്നിവരാണ് ഏറെയും വാങ്ങുന്നത്.
ആവശ്യത്തിനു മാത്രം പച്ചരി നൽകിയിരുന്നെങ്കിൽ മറിച്ചുവിൽപന ഒഴിവാക്കാമായിരുന്നെന്ന് കാർഡുടമകൾ പറഞ്ഞു.