മലമ്പുഴ:പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളു൦ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 1.7 കിലോ മാരക ലഹരി മരുന്നായ ചരസ് പിടികൂടി.
ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ, ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നുമാണ് ചരസ് പിടികൂടിയത്. പിടിച്ചെടുത്ത ചരസിനു അന്താരാഷ്ട്ര വിപണിയിൽ 1.7 കോടി രൂപയ്ക്കുമേൽ വില വരും. കേരളത്തിൽ സമീപ കാലത്ത്, ഇത്രയും കൂടിയ അളവിൽ ചരസ് പിടികൂടിയിട്ടില്ല.
കൂടിയ അളവിൽ കഞ്ചാവ് കടത്തുമ്പോൾ പിടിക്കപ്പെടുമെന്ന കാരണത്താൽ കഞ്ചാവ് സംസ്കരിച്ച് ചരസാക്കി മാറ്റി ട്രെയിൻ വഴി കടത്തുന്ന ലഹരി മാഫിയയുടെ ശ്രമമാണ് പാലക്കാട് വച്ച് വിഫലമായത്. ലഹരിമരുന്ന് കടത്തിയ പ്രതിയെ കണ്ടെത്തുന്നതിനു എക്സ്സൈസു൦ ആ൪പിഎഫു൦ അന്വേഷണം ഊർജിതമാക്കി.
സതെൺ റെയിൽവേ ആ൪പിഎഫ് ഐജി ജി.എ൦.ഈശ്വരറാവുവിന്റെ ഉത്തരവിൽ, പാലക്കാട് ആ൪പിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ അനിൽകുമാർ നായറുടെ നി൪ദ്ദേശപ്രകാര൦ നടത്തിയ പ്രത്യേക പരിശോധനയിൽ ആണ് ചരസ് പിടികൂടിയത്.
ആ൪പിഎഫ് സി.ഐ എ൯.കേശവദാസ്, എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, ആ൪പിഎഫ് എസ്ഐമാരായ ദീപക്.എ.പി, എ.പി.അജിത് അശോക്, എഎസ്ഐ സജു.കെ, ഹെഡ്കോൺസ്റ്റബിൾമാരായ എ൯.അശോക്, അജീഷ്.ഒ.കെ, കോൺസ്റ്റബിൾ പി. പി. അബ്ദുൾ സത്താ൪, എക്സ്സൈസ് പ്രിവെൻറ്റീവ് ഓഫീസർമാരായ കെ.പ്രസാദ്, എം.സുരേഷ്‌കുമാർ, സിഇഒമാരായ എ.സാദത്ത്, അനിൽകുമാർ എന്നിവരാണുണ്ടായിരുന്നത്.
ട്രെയിന൯ മാർഗം ഉള്ള ലഹരിമരുന്ന് കടത്തിനെതിരെ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.